Latest News

മജിസ്‌ട്രേട്ട് കോടതിയുടെ ഓഫിസ് കുത്തിത്തുറന്ന് 1.3 ലക്ഷം രൂപ കവര്‍ന്നു

ചാലക്കുടി: മജിസ്‌ട്രേട്ട് കോടതിയില്‍ സൂക്ഷിച്ചിരുന്ന 1.3 ലക്ഷം രൂപ മോഷണംപോയി. ട്രഷറിയില്‍ അടയ്ക്കാനായി ഓഫിസ് മുറിയില്‍ സൂക്ഷിച്ച തുകയാണു വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കടന്ന് അലമാരയില്‍നിന്നു കവര്‍ന്നത്. രാവിലെ കോടതി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണു വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ മജിസ്‌ട്രേട്ട് ലീന റഷീദിനെ വിവരം അറിയിച്ചു. തുടര്‍ന്നു പൊലീസും കോടതി ജീവനക്കാരും നടത്തിയ പരിശോധനയിലാണു തുക നഷ്ടപ്പെട്ടത് അറിഞ്ഞത്.

സൂപ്രണ്ടിന്റെ മുറിയോടു ചേര്‍ന്നുള്ള അലമാരയിലാണു തുക വച്ചിരുന്നത്. പെറ്റിക്കേസുകളിലടക്കം പിഴയായി പിരിഞ്ഞ തുകയായിരുന്നു ഇത്. ക്രിസ്മസ് അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിവസമായതിനാല്‍ തിങ്കളാഴ്ച കൂടുതല്‍ തുക കോടതിയില്‍ പിഴയായി പിരിഞ്ഞിരുന്നു. സമയം വൈകിയതിനാല്‍ ട്രഷറിയില്‍ ചൊവ്വാഴ്ച പണം അടയ്ക്കാനായാണു സൂക്ഷിച്ചിരുന്നത്. മേശയിലെയും അലമാരകളിലെയും ഫയലുകളും മറ്റും വലിച്ചുവാരി പുറത്തിട്ടിരുന്നു.

ഡിവൈഎസ്പി ടോമി സെബാസ്റ്റിയന്‍, സിഐ ബാബു കെ. തോമസ്, എസ്‌ഐ ടി.പി. ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂരില്‍നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. കോടതിനടപടികള്‍ സാധാരണ നിലയില്‍ നടന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.