Latest News

ജീവനക്കാരിയെ പീഡിപ്പിപ്പ് ചിത്രം പ്രചരിപ്പിച്ച കേസില്‍ 25 വര്‍ഷം തടവ്

കോട്ടയം: കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ മയക്കുമരുന്നു നല്കി പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയായ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും.

രണ്ടു മുതല്‍ എട്ടുവരെ പ്രതികളെ വെറുതേ വിട്ടു. ചിറക്കടവ് ഇടത്തുംപറമ്പ് പ്ലാപ്പള്ളില്‍ ഷാജിയെ (42)യാണു കോട്ടയം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷിച്ച് ഉത്തരവായത്. ഐടി ആക്ട് പ്രകാരം ജില്ലയില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്.

പൊന്‍കുന്നം വിന്‍ടെക് എന്ന കംപ്യൂട്ടര്‍ സ്ഥാപന ഉടമയായ ഷാജി ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2007 ജൂണിലെ അവധി ദിവസം ജോലിക്കെന്ന പേരില്‍ യുവതിയെ ഓഫീസില്‍ വിളിച്ചുവരുത്തിയ ഷാജി ഭക്ഷണത്തില്‍ മയക്കുമരുന്നു നല്കി ബോധരഹിതയാക്കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

മയക്കം വിട്ടുണര്‍ന്ന പെണ്‍കുട്ടി പുറത്തേക്കിറങ്ങി ഓടിയപ്പോള്‍ ഷാജി പിടിച്ചുകൊണ്ടുവന്ന് മൊബൈലില്‍ പകര്‍ത്തിയ നഗ്‌നചിത്രങ്ങള്‍ കാണിക്കുകയും വിവരം പുറത്തറിയിച്ചാല്‍ കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവയിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ചു പലതവണ യുവതിയെ പീഡിപ്പിച്ചു. സംഭവസമയം 20 വയസ് തികയാതിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതു മനുഷ്യരഹിതവും സ്ത്രീത്വത്തിന്റെ മാഹാത്മ്യത്തെ വെല്ലുവിളിക്കുന്നതുമാണെന്നു കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഭക്ഷണത്തില്‍ വിഷം നല്കി ബോധരഹിതയാക്കിയതിന് എട്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപയും പിഴയും. പിഴയൊടുക്കിയില്ലെങ്കില്‍ നാലു മാസം അധികമായി കഠിനതടവ് അനുഭവിക്കണം. പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴയൊടുക്കിയില്ലെങ്കില്‍ അധികമായി നാലു മാസംകൂടി കഠിനതടവും അനുഭവിക്കണം.

ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷം കഠിനതടവ് അനുഭവിക്കണം. മൊബൈലില്‍ ചിത്രങ്ങളെടുത്തു പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം അഞ്ചു വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപയുമാണു പിഴ. പിഴയൊടുക്കിയില്ലെങ്കില്‍ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ അഞ്ചു ലക്ഷം രൂപ പെണ്‍കുട്ടിക്കു നല്കണം.

കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു 36 രേഖകള്‍ ഹാജരാക്കി. രണ്ടു മുതല്‍ എട്ടു വരെ പ്രതികളായ അരുണ്‍ പി. ഹരിദാസ്, സി.ആര്‍. കാര്‍ത്തിക്, പി.എസ്. രാജേഷ്, പ്രജിത് കുമാര്‍, സുനില്‍, ക്രിസ്റ്റഫര്‍, മാര്‍ട്ടിന്‍ എന്നിവരെയാണു വെറുതെ വിട്ടത്. നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ വഴി പ്രചരിപ്പിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജുകുട്ടി ചിറയില്‍ കോടതിയില്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.