Latest News

അമേരിക്കയില്‍ രണ്ടുവയസ്സുകാരന്‍ അമ്മയെ അബദ്ധത്തില്‍ വെടിവെച്ചുകൊന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ടുവയസ്സുകാരന്‍ അമ്മയെ അബദ്ധത്തില്‍ വെടിവെച്ചുകൊന്നു. ഐഡഹോയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഇലക്ട്രോണിക്സ് സ്റ്റോറിലാണ് സംഭവം. ട്രോളിയിലിരുത്തിയ കുഞ്ഞ് അമ്മയുടെ ഹാന്‍ഡ്ബാഗിനകത്തു സൂക്ഷിച്ച തോക്ക് പുറത്തെടുത്ത് മുഖത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. അടിയന്തര സേവനവിഭാഗം എത്തുമ്പോഴേക്ക് യുവതിമരിച്ചിരുന്നു.

കൊല്ലപ്പെട്ട 29കാരിയായ വെറോണിക റൂട്ലെഡ്ജ് ഐഡഹോ നാഷനല്‍ ലബോറട്ടറിയില്‍ ആണവ ശാസ്ത്രജ്ഞയായിരുന്നു. രണ്ട് വയസ്സുകാരനുള്‍പ്പെടെ നാലു മക്കളുടെ അമ്മയാണ്.

യുവതിക്ക് തോക്കിന് ലൈസന്‍സുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുവീട്ടില്‍ അവധി ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനിറങ്ങിയത്. ദുരന്തത്തെ തുടര്‍ന്ന് വാള്‍മാര്‍ട്ട് ഒരുദിവസത്തേക്ക് അടച്ചിട്ടു. അമേരിക്കയില്‍ ഏറ്റവുംകൂടുതല്‍ തോക്ക് സ്വന്തമായി സൂക്ഷിക്കുന്നവരുടെ നാടാണ് ഐഡഹോ. കോളജുകളിലും യൂനിവേഴ്സിറ്റിയിലും തോക്കുമായി എത്തുന്നതിന് അടുത്തിടെ സംസ്ഥാനത്ത് അനുമതി നല്‍കിയിരുന്നു.

ദുരന്തം നടന്ന അതേദിവസമുണ്ടായ സമാന സംഭവത്തില്‍, അയല്‍ സംസ്ഥാനമായ വാഷിങ്ടണില്‍ നാലുവയസ്സുകാരന്‍െറ വെടിയേറ്റ് മൂന്നുവയസ്സുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. സിയാറ്റിലിന് 30 മൈല്‍ അകലെ ലേക് സ്റ്റീവന്‍സിലെ വീട്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. തോക്കുസൂക്ഷിക്കുന്ന വിഷയത്തിലെ ഇളവ് നിരവധിപേരുടെ ജീവനെടുത്തിട്ടും കര്‍ശനനടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന അലസതക്കെതിരെ പ്രതിഷേധം ശക്തമാണ്.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.