താഷ്‌കന്റ്(ഉസ്ബകിസ്ഥാന്‍): (www.malabarflash.com) ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഉസ്ബകിസ്ഥാന്‍ ഗ്രാന്റ് മുഫ്തിയുമായ ശൈഖ് മുഹമ്മദ് സ്വാദിഖ് യൂസുഫ് ഹൃദയസ്തംഭനം മൂലം താഷ്‌കന്റില്‍ അന്തരിച്ചു. 63 വയസ്സായിരുന്നു.
ഉസ്ബകിസ്ഥാനിലെ അന്തിജന്‍ എന്ന സ്ഥലത്ത് 1952 ഏപ്രില്‍ 15ന് ജനിച്ച മുഫ്തി മുഹമ്മദ് സ്വാദിഖ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ട സുന്നി പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. ബുഖാറയിലെ മീര്‍ അറബ്, താഷ്‌കന്റ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തിയ ശൈഖ് സ്വാദിഖ് താഷ്‌കന്റ് ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ മധേഷ്യന്‍ പഠനവകുപ്പില്‍ അധ്യപകനായിരുന്നു.
അധ്യാത്മിക സമ്മേളനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ശൈഖ് സ്വാദിഖ് വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഉസ്ബകിസ്ഥാനകത്തും പുറത്തുമുള്ള നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
സുന്നി ആദര്‍ശത്തിലും കര്‍മശാസ്ത്രത്തിലും വിശ്വാസസംഹിതയിലും ഖുര്‍ആന്‍ പഠനത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ദി സുന്നി അഖീദ, ഉസൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, റിലീജിയന്‍ - ഇന്‍സട്രക്ഷന്‍, ഇസ്്‌ലാം ആന്റ് ഇക്കോളജി, കാന്‍ യു ബിലീവ് ഇന്‍ എക്‌സിഡന്റ്‌സ് ഓഫ് അല്ലാഹ് എന്നിവ വിഖ്യാത രചനകളാണ്. ശൈഖ് മുഹമ്മദ് സ്വാദിഖ് യൂസുഫിന്റെ നിരവധി ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഉസ്ബക്, റഷ്യന്‍ ഭാഷകളിലായി അറുപതിലധികം രചനകളുണ്ട്.
വിവിധ അന്താരാഷ്ട്ര സംഘടനകളില്‍ നേതൃസ്ഥാനത്തുണ്ടായിരുന്നു. വേള്‍ഡ് യൂണിയന്‍ ഓഫ് മുസ്ലിം ഉലമാസ് എന്ന സംഘടനയുടെ സ്ഥാപകാംഗമായിരുന്നു. റാബിഅതുല്‍ ആലമില്‍ ഇസ്ലാമിയ്യ, വേള്‍ഡ് അസോസിയേഷന്‍ ഓഫ് തസവ്വുഫ്, റോയല്‍ അക്കാദമി ഓഫ് ഇസ്ലാമിക് തോട്ട്, വേള്‍ഡ് അസോസിയേഷന്‍ ഓഫ് മോസ്‌ക്‌സ് തുടങ്ങിയവയില്‍ അംഗമായിരുന്നു.
സ്വതന്ത്ര ഉസ്ബകിസ്ഥാനിലെ പ്രഥമ മുഫ്തിയായി നിയമിതനായ ശൈഖ് മുഹമ്മദ് സ്വാദിഖ് മുഹമ്മദ് യൂസുഫ് 2014 ഡിസംബറില്‍ നടന്ന മര്‍കസ് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ശൈഖ് സ്വാദിഖ് അവസാനമായി പങ്കെടുത്ത അന്താരാഷ്ട്ര പരിപാടിയായിരുന്നു മര്‍കസ് മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനം.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ.എം.എ.എച്ച് അസ്ഹരി എന്നിവര്‍ അനുശോചനം അറിയിച്ചു.
No comments:
Post a Comment