Latest News

ഹാജിമാരുടെ ആദ്യ സംഘം പുണ്യഭൂമിയില്‍

ജിദ്ദ[www.malabarflash.com]: അല്ലാഹുവിന്റെ അതിഥികളായ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം പുണ്യഭൂമിയായ മക്കയില്‍ എത്തി. മലേഷ്യയില്‍ നിന്നുള്ള സംഘത്തില്‍ പതിനാറ് പേരാണുള്ളത്. ക്വലാലംപൂരില്‍ നിന്നുള്ള മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘം ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

ഫോറിന്‍ എയര്‍ലൈന്‍സ് ടെര്‍മിനലില്‍ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിച്ച് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ജിദ്ദ എയര്‍പോര്‍ട്ട് ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ മുഹമ്മദ് അല്‍യൂസുഫ് പറഞ്ഞു.

തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ജിദ്ദ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തതായി കേണല്‍ സുലൈമാന്‍ മുഹമ്മദ് അല്‍യൂസുഫ് പറഞ്ഞു. 

ഇക്കൊല്ലത്തെ ആദ്യ ഹജ്ജ് സംഘംബുധനാഴ്ച എത്തുകയെന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള സംഘത്തില്‍ 200 പേര്‍ ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍ നിശ്ചയ പ്രകാരം സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള തീര്‍ഥാടക സംഘം ബുധനാഴ്ച എത്തുമെന്നാണ് കരുതുന്നത്.

കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന് ജംറ കോംപ്ലക്‌സ്, ജിദ്ദ-മദീന എയര്‍പോര്‍ട്ടുകള്‍, മസ്അ വിപുലീകരണം, മതാഫ് വികസനം, ഹറം വികസനം, മശാഇര്‍ മെട്രോ, ഹറമൈന്‍ ട്രെയിന്‍ തുടങ്ങി മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ബില്യണ്‍ കണക്കിന് റിയാലിന്റെ വികസന പദ്ധതികള്‍ സഊദി അറേബ്യ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതില്‍ ചില പദ്ധതികള്‍ പൂര്‍ത്തിയാവുകയും മറ്റുള്ളവ അന്തിമ ഘട്ടത്തിലുമാണ്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.