Latest News

ഹജ്ജ് വളന്റിയര്‍മാരുടെ പേരില്‍ ജോലിവാഗ്ദാന തട്ടിപ്പ്: പിന്നില്‍ ബംഗളൂരു സംഘം

മാനന്തവാടി: [www.malabarflash.com] സെപ്റ്റംബറില്‍ ഹജ്ജിനായി മദീനയിലും മക്കയിലുമത്തെുന്ന ഹാജിമാര്‍ക്ക് സേവനത്തിനായി വളന്‍റിയര്‍മാരായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വന്‍ തട്ടിപ്പ്. തട്ടിപ്പില്‍ കുടുങ്ങി നിരവധിപേര്‍ക്ക് പണം നഷ്ടപ്പെട്ടു. ബംഗളൂരു കേന്ദ്രമായ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേരോട് പാസ്പോര്‍ട്ടും 20,000 രൂപമുതല്‍ 30,000 രൂപ വരെ വാങ്ങിയ ഏജന്‍റുമാരെ കുറിച്ച് ഇപ്പോള്‍ വിവരമില്ലാത്ത അവസ്ഥയാണ്.

800ഓളം പേര്‍ തട്ടിപ്പിനിരയായതാണ് പ്രാഥമിക നിഗമനം. വയനാട്ടിലെ പന്തിപ്പൊയില്‍, പടിഞ്ഞാറത്തറ, ബപ്പനം, വെള്ളമുണ്ട, കമ്പളക്കാട് എന്നിവിടങ്ങളിലെ 50ഓളം പേര്‍ തട്ടിപ്പിനിരയായി. ഇതില്‍ പടിഞ്ഞാറത്തറ സ്വദേശികള്‍ പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. 

മുട്ടില്‍, നാലാംമൈല്‍, തരുവണ എന്നിവിടങ്ങളില്‍ നിരവധി പേരുടെ പാസ്പോര്‍ട്ടുകള്‍ ഏജന്‍റുമാര്‍ കൈക്കലാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, മലപ്പുറം ജില്ലയിലെ തിരൂര്‍, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ എന്നിവിടങ്ങളിലെ ഏജന്‍റുമാരാണ് പണം കൈപ്പറ്റിയത്.
അല്‍തമീം എന്ന കമ്പനിയുടെ പേരിലാണ് പണം വാങ്ങിയത്. പള്ളി ഖത്തീബുമാര്‍, പ്രദേശവാസികളായ ബന്ധുക്കള്‍ മുഖേനയാണ് ഇവര്‍ വിശ്വാസം ആര്‍ജിച്ച് തട്ടിപ്പ് നടത്തിയത്. തരുവണയില്‍നിന്നുള്ളവരോട് വ്യാഴാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടണമെന്നാണ് ആദ്യം പറഞ്ഞത്. യാത്രക്കൊരുങ്ങിയവരോട് പുറപ്പെടേണ്ടന്ന് ബുധനാഴ്ച ഏജന്‍റുമാര്‍ അറിയിച്ചു. അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് പണം നല്‍കിയവര്‍ തിരിച്ചറിഞ്ഞത്. 

വിശുദ്ധ നഗരങ്ങളിലത്തെുന്ന ഹാജിമാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യല്‍, ശുചീകരണ ജോലികള്‍ എന്നിവക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 45 ദിവസം ജോലി ചെയ്താല്‍ 2000 മുതല്‍ 3000 റിയാല്‍ വരെ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി. അതിനിടെ ചിലരെ മുംബൈയിലേക്ക് കൊണ്ടുപോയതായും വിവരമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. തട്ടിപ്പ് ബോധ്യമായാല്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷിക്കുമെന്ന് പടിഞ്ഞാറത്തറ പൊലീസ് പറഞ്ഞു. വെള്ളമുണ്ട പൊലീസില്‍ പരാതിനല്‍കാനത്തെിയവരെ വ്യാഴാഴ്ച രാത്രിയോടെ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് പരാതി പിന്‍വലിപ്പിച്ചിട്ടുമുണ്ട്.

മുക്കം സ്വദേശി മുങ്ങി
ഹജ്ജ് വളണ്ടിയര്‍ വിസ നല്‍കാമെന്ന് പറഞ്ഞ് നാനൂറിലേറെ പേരില്‍നിന്നായി ലക്ഷങ്ങള്‍ കൈപ്പറ്റി ഏജന്‍റ് മുങ്ങി. മുക്കം മുത്തേരി പുത്തന്‍വീട് കോളനിയില്‍ ജാബിറാണ് (31) മുങ്ങിയത്. 

ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ വിസ നല്‍കാമെന്നും ഉംറ ചെയ്യാന്‍ അവസരം ലഭിക്കുമെന്നും പറഞ്ഞ് മുക്കം, കോഴിക്കോട് ടൗണ്‍, ബേപ്പൂര്‍, ഓമശ്ശേരി, അരക്കിണര്‍, വെള്ളയില്‍, നല്ലളം, പെരുമണ്ണ, പൂവാട്ട്പറമ്പ്, മാത്തോട്ടം, പുല്ലാളൂര്‍, മലയമ്മ, കളന്‍തോട്, മലപ്പുറം വേങ്ങര എന്നിവിടങ്ങളില്‍നിന്നടക്കം നാനൂറ്റി അമ്പതോളം പേരില്‍നിന്നായി ഒരു കോടിയിലധികം രൂപയുമായാണ് ഇയാള്‍ മുങ്ങിയത്. 

വ്യാഴാഴ്ച വൈകുന്നേരം നാലിന് മീഞ്ചന്ത അരീക്കാട് റിലയന്‍സ് ഓഫിസിന് സമീപത്തേക്ക് എത്താനായിരുന്നു നിര്‍ദേശിച്ചിരുന്നത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ബസില്‍ പോകാമെന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് ഫ്‌ളൈററ്‌ എന്നുമാണ് ജാബിര്‍ വാഗ്ദാനം ചെയ്തത്. 

ഇതിന്‍െറയടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ആളുകള്‍ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് ആളുകള്‍ പരാതിയുമായി രംഗത്തുവന്നത്.
25000 രൂപയും പാസ്പോര്‍ട്ടും ഫോട്ടോയുമായി ജാബിര്‍ മുങ്ങിയെന്നും കബളിപ്പിക്കപ്പെട്ടെന്നും കാണിച്ച് കളന്‍തോട് കുറിഞ്ഞിക്കുളങ്ങര സ്വദേശി കെ.കെ. ശംസുദ്ദീന്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജാബിറിന്‍െറ പിതാവിന്‍െറയും സഹോദരന്‍െറയും സുഹൃത്തിന്‍െറയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരുടെയും സാന്നിധ്യത്തില്‍ ജാബിറിന്‍െറ വീട്ടില്‍ ചെന്നാണ് പണവും രേഖകളും കൈമാറിയതെന്ന് കെ.കെ. ശംസുദ്ദീന്‍ പറഞ്ഞു.
ഇതുപോലെ ഒട്ടേറെ പേരില്‍നിന്ന് ഇയാള്‍ പണവും പാസ്പോര്‍ട്ടും ഫോട്ടോയും കൈപ്പറ്റിയതായി അറിയുന്നു. 20000 മുതല്‍ 35000 വരെ വാങ്ങിയിട്ടുണ്ടെന്നും പരാതിയിയിലുണ്ട്.
ഹജ്ജ് കഴിഞ്ഞ് തിരികെ വരുമ്പോള്‍ ശമ്പളമായി 45000 രൂപ ലഭിക്കുമെന്നും വിസ വാഗ്ദാനം ചെയ്തവര്‍ക്ക് ഇയാള്‍ ഉറപ്പുനല്‍കിയിരുന്നു കൂടാതെ 45 ദിവസം മക്കയില്‍ തങ്ങാമെന്നും ഉംറ ചെയ്യാമെന്നും മോഹിപ്പിച്ചു.
ജാബിര്‍ മുങ്ങിയ വിവരമറിഞ്ഞ് ഇതുമായി ബന്ധപ്പെട്ട സബ് ഏജന്‍റുമാരും ഒളിവിലാണ്. ഹജ്ജിനായി നാട്ടില്‍നിന്നും കുടുംബത്തില്‍നിന്നുമെല്ലാം യാത്രപറഞ്ഞ പലരും ഇതോടെ മാനക്കേടിലായിരിക്കുകയാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.