Latest News

ജ്വല്ലറിയില്‍ വെടിയുതിര്‍ത്ത് 7 കിലോ സ്വര്‍ണം കവര്‍ന്ന സംഘത്തിന് 15 വര്‍ഷം തടവ്


കോട്ടയം:[www.malabarflash.com] കുന്നംകുളം നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് കൊള്ള നടത്തിയ കേസിലെ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. പ്രതികള്‍ക്ക് തോക്ക് നിര്‍മിച്ചുനല്‍കിയെന്ന കേസില്‍ രണ്ടുപേരെ കോടതി വെറുതെവിട്ടു.

സെന്‍ട്രല്‍ ജങ്ഷനിലെ കുന്നത്തുകളത്തില്‍ ജുവലറിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളായ ഇടപ്പള്ളി പോണേക്കര കുരിശിങ്കല്‍ മനോജ് സേവ്യര്‍(39), രണ്ടാം പ്രതി, മനോജിന്റെ ശാന്തമ്പാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളി തമിഴ്‌നാട് തേവാരം സ്വദേശി മുരുകേശന്‍ എന്നിവരെയാണു കോട്ടയം അഡീഷണല്‍ അതിവേഗ കോടതി ഒന്ന് കോടതി ജഡ്ജി പി. രാഗിണി ശിക്ഷിച്ച് ഉത്തരവായത്.

പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവും അനുഭവിക്കണം. പ്രതികള്‍ കവര്‍ന്ന രണ്ടുകോടി രൂപ വിലവരുന്ന 7.24 കിലോ സ്വര്‍ണം ഉടമയ്ക്ക് വിട്ടുനല്‍കാനും കോടതി ഉത്തരവിട്ടു. തോക്കു നല്‍കിയ കേസില്‍, ബിജു ജോസഫ്, രാഘവന്‍ മേസ്തിരി എന്നിവരെയാണ് വെറുതെവിട്ടത്.

2011 ജൂലായ് ഏഴിന് ഉച്ചയ്ക്ക് 12.50നായിരുന്നു നഗരത്തെ ഞെട്ടിച്ച കവര്‍ച്ച. വള വാങ്ങാനെന്ന വ്യാജേനയാണ് ഇരുവരും എത്തിയത്. ഇവരില്‍ ഒരാളുടെ കൃത്രിമത്താടി ഇളകിയതു ശ്രദ്ധിച്ച് ബഹളംവെച്ച മാനേജര്‍ സിലിയുടെ കഴുത്തില്‍ മുരുകന്‍ തോക്കുചൂണ്ടി. ഈ അവസരത്തില്‍ മനോജ് ഷോക്കേസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നെക്ലേസുകളും മാലകളും മറ്റാഭരണങ്ങളും വലിച്ചെടുത്ത് കൈയില്‍ കരുതിയ ബിഗ്‌ഷോപ്പറില്‍ നിറച്ചു.

ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തറയിലേക്കു വെടിയുതിര്‍ത്തു ഭീതി പടര്‍ത്തി മനോജും മുരുകനും സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി കുമരകം ഭാഗത്തേക്കു പോയി.

ബൈക്കില്‍നിന്നിറങ്ങി കുമരകംവഴി വൈക്കത്തേക്കുള്ള സ്വകാര്യബസ്സില്‍ കയറിയ മുരുകനെ പോലീസ് ആദ്യം പിടിച്ചു. പിന്നീടാണ് മനോജ് പിടിയിലായത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.