Latest News

കാര്‍ തട്ടിയെടുത്ത് നാലുവയസ്സുകാരിയെ വഴിയിലുപേക്ഷിച്ച സംഭവം; 8 പേര്‍ പിടിയില്‍

തൃശൂര്‍:[www.malabarflash.com] തൃശൂര്‍ പേരാമംഗലത്ത് സംസ്ഥാന പാതയില്‍ കാര്‍ തട്ടിയെടുത്ത് നാലുവയസ്സുകാരിയെ വഴിയിലുപേക്ഷിച്ച സംഭവത്തില്‍ എട്ടു പ്രതികള്‍ പിടിയിലായി. രണ്ട് വര്‍ഷം മുമ്പ് മനക്കൊടിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ വിഷ്ണു ഉള്‍പ്പടെ എട്ടുപേരാണ് അറസ്റ്റിലായത്. ഈമാസം ആറിന് പേരാമംഗലം സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതിനായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ചാവക്കാട് സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്.

കാറിന് തീപടര്‍ന്നുവെന്ന അപായ സൂചന നല്‍കി വാഹനം നിര്‍ത്തിച്ച കവര്‍ച്ചാസംഘം കണ്ണില്‍ മുളകെറിഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സലീമിന്റെ നാലുവയസുകാരി മകളെ പിന്നീട് ലാലൂര്‍ ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തു. തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഒന്നര വര്‍ഷം മുമ്പ് മനക്കൊടിയില്‍ ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതി വിഷ്ണുവുമാണ് വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍.

ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കായ്കരു രാഗേഷുമായി വിഷ്ണു പരിചയത്തിലാവുന്നത്. രാഗേഷിനൊപ്പം ചേര്‍ന്ന് ദേശീയ പാതയിലൂടെ വരുന്ന കുഴല്‍പ്പണ സംഘങ്ങളെ കൊള്ളയടിക്കാനായിരുന്നു പദ്ധതി. ഇതു പ്രകാരമാണ് സലീമിന്റെ വാഹനം കവര്‍ന്നത്. പിന്നീട് ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടക്കാത്തതിനാല്‍ വാഹനം പൊളളാച്ചിയില്‍ വില്‍ക്കുകയായിരുന്നു.

അന്വേഷണ ചുമതലയുള്ള തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് എട്ടുപ്രതികളെയും വലയിലാക്കുകയായിരുന്നു. രാഗേഷിനെയും വിഷ്ണുവിനെയും കൂടാതെ വൈശാഖ്, സോളമന്‍, കാര്‍തിക്, സെയ്തു മുഹമ്മദ്, ചാള്‍സ് പ്രഭു, ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ തട്ടിയെടുത്ത് വില്‍പന നടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.