Latest News

ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാകണം എം.എ. ബേബി

തിരുവനന്തപുരം:[www.malabarflash.com] ഐ.എസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുപയോഗിച്ച് നാട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ പുരോഗമനവാദികള്‍ ജാഗരൂകരായിരിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എ ബേബിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തീവ്രവാദത്തെ എതിർക്കണം പക്ഷേ, ഇസ്ലാമോഫോബിയയ്ക്ക് വളം വയ്ക്കരുത്.
കേരളത്തില്‍ പലയിടത്തു നിന്നായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയില്‍ ചേരാന്‍ ചെറുപ്പക്കാര്‍ പോയതായി വാര്‍ത്ത വന്നിരിക്കുന്നു. വളരെ ഗൌരവമായി കാണേണ്ട ഒരു വിഷയമാണിത്. വാര്‍ത്ത ശരിയാണെങ്കില്‍, ഇതില്‍ തീവ്രവാദികളും അവരുടെ സ്വാധീനത്തില്‍ പെട്ടുപോയ സാധുക്കളുമുണ്ടാവാം. ഇക്കാര്യം ഗൌരവത്തോടെ എടുക്കുമെന്ന് മുഖ്യമന്ത്രിയും ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് മേധാവിയും പറഞ്ഞിട്ടുണ്ട്. ഗൌരവമായ അന്വേഷണം നടക്കേണ്ടതുണ്ട്.


പക്ഷേ, ഈ സംഭവവികാസങ്ങളുപയോഗിച്ച് നാട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരെ പുരോഗമനവാദികള്‍ ജാഗരൂകരായിരിക്കണം. ആഗോള ഇസ്ലാമിക രാഷ്ട്രീയവും തീവ്രവാദവും ഇന്ന് ഇന്ത്യയിലെ ഹിന്ദുത്വവര്‍ഗീയതയും പടിഞ്ഞാറന്‍ നാടുകളിലെ ക്രിസ്ത്യന്‍ വംശീയതയും ശ്രീലങ്ക പോലുള്ളിടങ്ങളിലെ ബൌദ്ധവംശീയതയും ഒക്കെ പോലെ ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിലും ഇവയ്ക്ക് വളര്‍ച്ച ഉണ്ട്. നമ്മള്‍ ഇവയ്ക്കെതിരെ അതിശക്തമായ നിലപാട് എടുക്കണം. വര്‍ഗീയതയ്ക്ക് എതിരെയുള്ള നിലപാടില്‍ ന്യൂനപക്ഷ വര്‍ഗീയതയെ ഒഴിവാക്കാനാവില്ല. കേരളത്തിലെ വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ അപകടകരമായ രാഷ്ട്രീയമാണ് കയ്യാളുന്നത്. അവരെ തുറന്നു കാട്ടണം. അവര്‍ക്കെതിരെ പ്രചാരണം നടത്തണം. എന്നാല്‍, കേരളത്തിലെ മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷവും മതേതരവാദികളാണ്.

മുസ്ലിങ്ങളുടെ താല്പര്യത്തിനെതിരാണ് ഇസ്ലാമിക തീവ്രവാദം. ഇക്കാര്യം നാമെല്ലാവരും ഓര്‍ക്കണം. അപകടകരമായ മുസ്ലിംപേടിയില്‍ പെട്ട് ആവരുത് മുസ്ലിം വര്‍ഗീയതയെയും തീവ്രവാദത്തെയും നേരിടുന്നത്. ഈ മുസ്ലിം പേടി കേരളത്തിലെ സമാധാനകാംക്ഷികളായ മനുഷ്യര്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കും.

വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും കേരളം എതിരാണെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ നല്കിയിരിക്കുന്നത്. വര്‍ഗീയതയുടെയോ ജാതീയതയുടെയോ സ്പര്‍ശം പോലുമില്ലാത്ത ഒരു സര്‍ക്കാരാണ് കേരളത്തിലുണ്ടായിരിക്കുന്നതും. ഈ ജനവിധിയെ മുന്നോട്ടു കൊണ്ടു പോകുന്നതിന് നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്.







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.