Latest News

മാങ്ങാട് അംബാപുരം സ്വദേശിനിയും ഭര്‍ത്താവും സേലത്തെ വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

ഉദുമ[www.malabarflash.com]: മാങ്ങാട് അംബാപുരത്തെ സ്വദേശിനിയേയും ഭര്‍ത്താവിനേയും സേലത്തെ വീട്ടില്‍ തലക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അംബാപുരത്തെ രമണി(44), ഭര്‍ത്താവ് സേലം സ്വദേശി ഗുണശേഖരന്‍(53) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ സേലം നാമം ജില്ലയിലെ തനിപുരം ഊത്തുകാലിപ്പെട്ടിയിലെ വീട്ടില്‍ കണ്ടത്. 

കര്‍ഷകനായ ഗുണശേഖരന് പശുക്കളും ആടുകളുമുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് പാലുമായി ഗുണശേഖരന്‍ സൊസൈറ്റിയിലേക്ക് പോയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതായി പാല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. പിന്നീടാണ് കൊല നടന്നതെന്നാണ്് പോലീസിന്റെ നിഗമനം.
ചുറ്റിക പോലുള്ള ആയുധം കൊണ്ട് തലക്കും മുഖത്തും അടിച്ചാണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. ഇവരുടെ വീടിന് കുറച്ചകലെയാണ് ഗുണശേഖരന്റെ തറവാട് വീട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
2011ലാണ് ഗുണശേഖരനും രമണിയും തമ്മില്‍ വിവാഹിതരായത്. അമ്പാപുരത്തെ നാരായണിയുടേയും പരേതനായ നാരായണന്‍ ആചാരിയുടേയും മകളാണ് രമണി. സഹോദരങ്ങള്‍: രവീന്ദ്രന്‍, പുരുഷോത്തമന്‍, ചന്ദ്രന്‍, രോഹിണി.
വിവരമറിഞ്ഞ് ബന്ധുക്കള്‍ വ്യാഴാഴ്ച സേലത്തെത്തി. രമണിയുടെ മൃതദേഹം അമ്പാപുരത്തേക്ക് കൊണ്ടുവരും. ഗുണശേഖരനും രമണിക്കും മക്കളില്ല.
കൊലയാളികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പി. കരുണാകരന്‍ എം.പി സേലം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.