Latest News

അസ്‌ലം വധം: കൊലയാളി സംഘം സഞ്ചരിച്ചിരുന്ന കാര്‍ വടകരയില്‍ ഉപേക്ഷിച്ച നിലയില്‍

നാദാപുരം:[www.malabarflash,cim] ചാലപ്രത്തെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കണ്ണൂര്‍ റജിസ്‌ട്രേഷനുള്ള ഇന്നോവ കാര്‍ വടകര സഹകരണ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കെഎല്‍ 13 സെഡ് 9091 കാര്‍ ഞായറാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.
പോലീസിന് ഫോണ്‍ വഴി ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന കുറ്റിയാടി സിഐ ടി. സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാറിന് കാവലേര്‍പ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷം കാര്‍ നാദാപുരത്തേക്കു കൊണ്ടുവരും.

വെള്ളിയാഴ്ച കൊലപാതകം നടത്തിയ ശേഷം ഈ കാറിലാണ് കൊലയാളികള്‍ മടങ്ങിയത്. കാറിന്റെ നമ്പര്‍ കണ്ടെത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിയാതെ പോലീസ് വലയുന്നതിനിടയിലാണ് കൊലയാളികള്‍ കാര്‍ ഉപേക്ഷിച്ചത്. കാറില്‍ ആയുധങ്ങളോ മറ്റോ ഉള്ളതായി സൂചനയില്ല. തെളിവുകളെല്ലാം നശിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണു കരുതുന്നത്.

കോഴിക്കോട് മാത്തോട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാറെങ്കിലും പലര്‍ക്കും കൈമാറ്റം നടത്തിയതായാണ് പോലീസിനു ലഭിച്ച വിവരം. ഒന്നര മാസം മുന്‍പ് വളയം സ്വദേശിയാണ് ഈ കാര്‍ വാടകയ്‌ക്കെടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
ഇതോടെ, പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ടെങ്കിലും ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുള്ളതായി സൂചനയില്ല. അസ്‌ലമിന്റെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.

പ്രതികള്‍ പോലീസില്‍ കീഴടങ്ങാന്‍ സന്നദ്ധരായേക്കുമെന്നും അഭ്യൂഹമുണ്ട്. ശനിയാഴ്ച അസ്‌ലമിന്റെ കബറടക്കല്‍ ചടങ്ങിനു ശേഷം വെള്ളൂരില്‍ നാല്‍പതോളം വീടുകള്‍ അക്രമിക്കപ്പെട്ടു.

അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രമീകരണം പോലീസിന്റെയും സര്‍വകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.