Latest News

'പുതുതായി വന്നതല്ലേ.. കൈത്തരിപ്പ് തീര്‍ത്തതായിരിക്കും' മൂത്രമൊഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ തല്ലിയതിനെ പോലീസ് ന്യായീകരിച്ചത് ഇങ്ങനെ


കണ്ണൂര്‍: കലോത്സവം കഴിഞ്ഞ മടങ്ങുമ്പോള്‍ ചുവരില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് പോലീസ്. പരിശീലനം കഴിഞ്ഞ് പുതുതായി ജോലിയില്‍ പ്രവേശിച്ച പോലീസുകാരന്‍ കൈത്തരിപ്പു തീര്‍ത്തതാണെന്നു പറഞ്ഞാണ് പോലീസ് നടപടിയെ സഹപ്രവര്‍ത്തകര്‍ ന്യായീകരിച്ചത്. [www.malabarflash.com]

'പുതിയതായിട്ടു വന്നതല്ലേ, കൈത്തരിപ്പ് തീര്‍ത്തതായിരിക്കാം, നിങ്ങളത്ര കാര്യമായിട്ട് എടുക്കേണ്ട' എന്നാണ് മര്‍ദ്ദനം സംബന്ധിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥികളോട് പോലീസ് പറഞ്ഞത്. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിയും അതുല്‍ ജിത്ത് (17) ഇയാളുടെ ബന്ധു അഭിലാഷ് എന്ന (26) എന്നിവരാണ് പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്.  മത്സരിക്കാന്‍ എത്തിയ ഇവര്‍ക്കൊപ്പം അടുത്ത ബന്ധു ടി.പി. സ്മിതയും ഉണ്ടായിരുന്നു.

കലോത്സവം സമാപിച്ച ജനുവരി 22ന് രാത്രി ഏഴരയ്ക്ക് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിലെ പോലീസ് സൊസൈറ്റി ഹാളിന്റെ താഴത്തെ നിലയിലുള്ള ഗേറ്റ് വേ ഹോട്ടലിനു മുമ്പിലായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പിടിച്ചിറക്കി കൊണ്ടുവന്നായിരുന്നു പോലീസ് മര്‍ദ്ദനം.

അതുല്‍ജിത്തും അഭിലാഷും അപ്പുറം പോലീസ് ക്വാട്ടേഴ്‌സാണെന്ന് അറിയാതെ തൊട്ടുമുന്നിലെ മതിലിനരികെ മൂത്രമൊഴിച്ചു. ക്വാട്ടേഴ്‌സില്‍ നിന്നും ഇതുകണ്ട ഒരു സ്ത്രീ കുട്ടികളെ ശകാരിച്ചിരുന്നു. അതിനുശേഷം അതുല്‍ജിത്തും അഭിലാഷും ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുമ്പോഴേക്കും പോലീസ് ജീപ്പ് വന്നു.

പോലീസിന് ആളുമാറിപ്പോയതാവാം എന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ പോലീസുകാരുടെ ഭാര്യയെന്ന് കരുതുന്ന സ്ത്രീ വിദ്യാര്‍ത്ഥികള്‍ ഇട്ടിരുന്ന ഷര്‍ട്ടിന്റെ നിറവും മറ്റും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു എന്നും സ്മിത പറയുന്നു.

അതേസമയം എ.കെ.ജി ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലീസ് തെറ്റായാണ് മൊഴി രേഖപ്പെടുത്തിയതെന്ന ആരോപണവുമായി അതുല്‍ജിത്തിന്റെ പിതാവ് വിജയന്‍ രംഗത്തെത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയ മൊഴി പോലീസ് വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.