Latest News

തര്‍ക്കം തീര്‍ക്കാനെത്തിയ തന്നെ സമദാനി കുത്തിയെന്ന് കുഞ്ഞാവ


കോഴിക്കോട്: അഞ്ചുവര്‍ഷം മുമ്പ് രണ്ടുകുടുംബങ്ങള്‍ തമ്മിലുണ്ടായ പള്ളിത്തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അബ്ദുസ്സമദ് സമദാനി എം.എല്‍.എ കത്തികൊണ്ട് കുത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് കോട്ടക്കല്‍ സ്വദേശി അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ (56).

നാഭിക്കേറ്റ ചവിട്ടില്‍ മൂത്രാശയത്തിന് പരിക്കേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹം സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: 2008ല്‍ കോട്ടക്കലിലെ പുളിക്കല്‍, അമരിയില്‍ എന്നീ കുടുംബങ്ങള്‍ തമ്മില്‍ പള്ളിത്തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തില്‍ തന്‍െറ രണ്ട് അനുജന്മാര്‍ അമരിയില്‍ കുടുംബക്കാരുടെ കുത്തേറ്റു മരിച്ചു. തുടര്‍ന്ന് അമരിയില്‍ കുടുംബത്തോട് ആഭിമുഖ്യമുള്ള സമദാനി എം.എല്‍.എ ഇടനിലക്കാരനായി നിന്നു. കുടുംബപ്രശ്നം പറഞ്ഞുതീര്‍ക്കാനെന്ന് അറിയിച്ച് സമദാനി തന്നെ കാറയച്ച് വിളിക്കുകയായിരുന്നു. 

പഴങ്ങളും ചായയും നിരത്തി സല്‍ക്കരിച്ചുകൊണ്ട് തുടങ്ങിയ സംസാരം പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. അനുജന്മാരോടൊപ്പം നിന്നെയും അന്നുതന്നെ തട്ടേണ്ടതായിരുന്നുവെന്ന് സമദാനി ഭീഷണിപ്പെടുത്തി.
അദ്ദേഹത്തോടൊപ്പം വേറെ രണ്ടു പേരും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ പഴങ്ങള്‍ നുറുക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് സമദാനി കുത്തി. കുത്തു തടഞ്ഞപ്പോള്‍ കൈക്ക് പരിക്കേറ്റു. അവിടെയുണ്ടായിരുന്ന പേപ്പര്‍ വെയ്റ്റുകൊണ്ട് താന്‍ സമദാനിയുടെ മൂക്കിനിടിച്ചു. തുടര്‍ന്ന് സമദാനി തലങ്ങും വിലങ്ങും കുത്തി. ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തൊഴിയേല്‍ക്കേണ്ടിവന്നു. തൊഴിയേറ്റതിനുശേഷം മൂത്രമൊഴിക്കാന്‍ സാധിച്ചിട്ടില്ല. അവസാനം ഇറങ്ങിയോടുന്നതിനിടെ അവര്‍ തള്ളിയിട്ടു. തലയിടിച്ച് വീണതിനാല്‍ തലക്കും വേദനയുണ്ടെന്ന് പൊലീസ് കസ്റ്റഡിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞാവ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.