മലപ്പുറം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ മതപ്രഭാഷകന്‍ നൗഷാദ് ബാഖവിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.[www.malabarflash.com]
ഇകെ വിഭാഗം സമസ്തയാണ് നൗഷാദ് ബാഖവിക്ക് നോട്ടീസ് അയച്ചത്. സമസ്തയുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് നൗഷാദ് ബാഖവി. സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി നടത്തിയ വിവാദ പ്രസംഗം സംഘടനക്ക് പേരുദോഷം വരുത്തിവെച്ചെന്ന വികാരമാണ് പൊതുവിലുള്ളത്. അതുകൊണ്ട് തന്നെയാണ് വിവാദ പ്രസംഗത്തിന് മറുപടി തേടിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും മലപ്പുറം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് തന്റെ പ്രസംഗത്തിലൂടെ നൗഷാദ് ബാഖവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം കോടിയേരിയുടെ മനസിലുള്ളതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നും നൗഷാദ് ബാഖവി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ ഇങ്ങനെയാണ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒരുവാക്ക് കൊണ്ടുപോലും ആ മഹാനുഭാവനോട് യോജിക്കാത്ത ഒരു വ്യക്തിയുമായി താരതമ്യം ചെയ്യാന്‍ മലപ്പുറത്തിന്റെ മണ്ണില്‍ വന്ന് ചങ്കൂറ്റം കാണിച്ച ഒരു രാഷ്ട്രീയക്കാരന്‍ എന്തുകൊണ്ടാണങ്ങനെ ചങ്കൂറ്റം കാണിച്ചത്. മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം ആ പ്രഭാഷകന്റെ മനസിലുള്ളതുകൊണ്ടുതന്നെയാണ്. ഒരു സംശയവും എനിക്ക് അക്കാര്യത്തില്‍ ഇല്ല. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഇത് പറഞ്ഞാല്‍, പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നു. ഇപ്പോഴത്തെ മക്കള്‍ക്കും തങ്ങള്‍മാരോട് മതിപ്പ് കുറഞ്ഞു തുടങ്ങിയെന്നതിന്റെ തെളിവാണിത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബിജെപി ഉപയോഗിക്കുന്നതും മുസ്ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞത്.
ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബിജെപി ഉത്തര്‍പ്രദേശില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പള്ളികളില്‍ ഖാസിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്ലിം ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.


No comments:
Post a Comment