Latest News

വിരട്ടൽ ഇങ്ങോട്ട് വേണ്ട; മിസൈല്‍ നിർമാണം തുടരുമെന്ന് ഇറാൻ പ്രസിഡന്റ് റൂഹാനി

ദുബൈ: മിസൈൽ നിർമാണത്തിൽ നിന്ന് യാതൊരു കാരണവശാലും പുറകോട്ടു പോകില്ലെന്ന പ്രഖ്യാപനവുമായി ഇറാന്‍ പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്ത്. ഇതിനെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കുന്നില്ലെന്നും റൂഹാനി വ്യക്തമാക്കി.[www.malabarflash.com] 

ഇറാൻ മിസൈലുകൾ നിർമിച്ചിട്ടുണ്ട്. അതു തുടരാൻ തന്നെയാണ് തീരുമാനം. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിനായി ഏതു ഗണത്തിൽപ്പെടുന്ന ആയുധങ്ങളും ഇറാൻ വികസിപ്പിക്കുമെന്നും റൂഹാനി ദുബായിയിൽ പറഞ്ഞു.

യുഎസ് ജനപ്രതിനിധി സഭയിൽ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിൻമേൽ വോട്ടെടുപ്പു ന‌ടന്നതിനു പിന്നാലെയാണ് ഇറാന്‍ ഭരണാധികാരിയുടെ പ്രതികരണം. മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ നിലവിൽ യുഎസ് ഏകപക്ഷീയമായി ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ആണവായുധങ്ങൾ വഹിക്കാനാകുന്ന മിസൈലുകളുടെ നിർമാണം ഇറാന്റെ ആലോചനയിൽ പോലുമില്ലെന്നും റൂഹാനി അറിയിച്ചു.

ഇറാന്റെ ആണവ നയത്തോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. യുഎസിന്റെ ദേശീയ താൽപര്യത്തിനു ചേരുന്നതല്ലെന്നു കാട്ടി ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിന്മാറുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ ‘ഏകാധിപത്യം’ ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ഭീകരരെ പിന്തുണയ്ക്കുകയാണെന്നുമാണ് യുഎസിന്റെ നിലപാട്.

യുഎൻ പൊതുസഭയിലും ഇറാനെതിരെ ട്രംപ് വിമർശനങ്ങളുന്നയിച്ചിരുന്നു. അക്രമവും രക്തച്ചൊരിച്ചിലുകളുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നായിരുന്നു അന്നത്തെ വിമർശനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.