Latest News

സമസ്ത മുശാവറ അംഗം കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്‍(80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു മരണം.[www.malabarflash.com]

ദീര്‍ഘകാലം മുദരിസായി സേവനം അനുഷ്ടിച്ച ഇദ്ദേഹം പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പളുമായിരുന്നു. രണ്ടു ദിവസമായി കഫക്കെട്ട് മൂലമുള്ള ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഡോക്ടര്‍ വീട്ടിലെത്തി പരിശോധിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് മരണം സംഭവിച്ചത്.

കുഞ്ഞിമുഹമ്മദ് ഹാജി-ഫാത്തിമ ദമ്പതികളുടെ പുത്രനായി 1937 ജൂലെ നാലിനാണ് ജനനം. ഏഴാംക്ലാസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ ഉമര്‍ മുസ്ലിയാര്‍ പിന്നീട് മതരംഗത്തെ അഗാതമായ പാണ്ഡിത്യം നേടുകയായിരുന്നു.

കാപ്പ്, കരുവാരക്കുണ്ട്, പയ്യനാട്, ചാലിയം എന്നിവിടങ്ങളിലാണ് ദര്‍സ് ജീവിതം നയിച്ചത്.

ദര്‍സ് പഠന ശേഷം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. ചെമ്പ്രശ്ശേരി (പതിമൂന്ന് വര്‍ഷം), എ.ആര്‍ നഗര്‍ (നാലര വര്‍ഷം), കോടങ്ങാട്(പത്ത് വര്‍ഷം), ദേശമംഗലം(നാലര വര്‍ഷം), പൊടിയാട്(ഒരു വര്‍ഷം), പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്(പതിനഞ്ച് വര്‍ഷം), വാണിയംകുളം മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലകസ് എന്നിവിടങ്ങളിലാണ് സേവനം ചെയ്തിട്ടുണ്ട്‌. പെരിന്തല്‍മണ്ണ താലൂക്ക് ജംഇയ്യത്തുല്‍ ഉലമ ട്രഷററായിരുന്നു. മലപ്പുറം ജില്ലാ മുശാവറ അംഗം, പാലക്കാട് ജില്ലാ മുശാവറ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാത്വിമയാണ് ഭാര്യ. മക്കള്‍: ഖദീജ(മണ്ണാര്‍മല), അബൂബക്കര്‍ സിദ്ധീഖ് ഫൈസി, മൈമൂന(മോളൂര്‍), മുഹമ്മദ് ഹുദവി. മരുമക്കള്‍: ഹംസ ഫൈസി(മണ്ണാര്‍മല), ഹംസ അന്‍വരി (മോളൂര്‍), നജ്മ, ആരിഫ. 

ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് കാപ്പില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.