Latest News

മുഖ്യമന്ത്രി ഡിജിപിയെ ഏല്‍പ്പിച്ച വാച്ചെവിടെ..?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വാച്ച് അഴിച്ച് അടുത്തിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റയെ ഏല്‍പ്പിച്ചത് എല്ലാവരും കണ്ടതാണ്. ഐജി മനോജ് എബ്രഹാമിന്റെ സാന്നിധ്യത്തില്‍ ഡിജിപി വാച്ച് ചെറിയ പെട്ടിയിലാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ പെട്ടി തുറന്നപ്പോള്‍ വാച്ച് കാണാനില്ല.[www.malabarflash.com]

മുഖ്യമന്ത്രിയും പോലീസ് മേധാവിയും പങ്കെടുക്കുന്ന വേദിയില്‍ 'മോഷണം' നടന്നതറിഞ്ഞപ്പോള്‍ കണ്ടിരുന്നവര്‍ക്ക് ഞെട്ടല്‍. മോഷണം ആരും കണ്ടില്ലെങ്കിലും മോഷ്ടാവിന് ലഭിച്ചത് കൈയാമത്തിന് പകരം കൈയടി. സംസ്ഥാന പോലീസ് നടപ്പാക്കുന്ന സൈബര്‍ സുരക്ഷാ പദ്ധതി 'കിഡ് ഗ്ളോവ്' ഉദ്ഘാടനവേദിയായ കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ സൈബര്‍ കുറ്റകൃത്യങ്ങളും ചതിക്കുഴികളും ബോധവല്‍ക്കരിക്കാനായി ഗോപിനാഥ് മുതുകാടാണ് മാന്ത്രികവിദ്യ അവതരിപ്പിച്ചത്. 

വാച്ച് 'മോഷ്ടാവി'ന്റെ അഞ്ച് താഴുകളിട്ട് ഭദ്രമാക്കിയ പെട്ടിയില്‍ വാച്ച് കണ്ടെത്തി. പെട്ടിക്കകത്ത് മറ്റൊരു പെട്ടി എന്ന ക്രമത്തില്‍ അഞ്ചാമത്തേതിലായിരുന്നു വാച്ച്. താക്കോല്‍ വേദിയിലിരുന്ന മുഖ്യമന്ത്രി, ഡിജിപി, ബാലാവകാശ കമീഷന്‍ അധ്യക്ഷ ശോഭ കോശി, കെ മുരളീധരന്‍ എംഎല്‍എ, ഐജി മനോജ് എബ്രഹാം എന്നിവരുടെ കൈവശവും. 

പെട്ടി ഒന്നൊന്നായി തുറന്ന് വാച്ച് പുറത്തെടുത്തപ്പോള്‍ ഹാളില്‍ നിറഞ്ഞ കൈയടി. സ്കൂള്‍ കുട്ടികള്‍ക്ക് നേരത്തെ കൈമാറിയ പെട്ടിയില്‍ വാച്ച് എങ്ങനെ എത്തിയെന്നത് മാന്ത്രികന് മാത്രം അറിയാവുന്ന രഹസ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.