ശബരിമല: ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തി. കൊല്ലം ചാത്തന്നൂർ സ്വദേശിനി 36കാരിയായ എസ‌് പി മഞ്ജുവാണ‌് ചൊവ്വാഴ‌്ച രാവിലെ 7.30 ഓടെ ദർശനം നടത്തിയത‌്.[www.malabarflash.com]
ഫേസ‌്ബുക്ക‌് വഴി ബുധനാഴ‌്ച വൈകിട്ട‌് മഞ്ജു തന്നെയാണ‌് ഇക്കാര്യം വെളിപ്പെടുത്തിയത‌്. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഫോട്ടോയും വീഡിയോയും ഇവർ ഫേസ‌്ബുക്കിൽ പോസ്റ്റ‌് ചെയ‌്തിട്ടുണ്ട‌്.
തിരിച്ചറിയാതിരിക്കാൻ വേഷപ്രച്ഛന്നയായാണ‌് ഇവർ വന്നത‌്. കറുത്ത സാരി അണിഞ്ഞ‌് മുടി നരപ്പിച്ചിരുന്നു. ‘‘രണ്ടു മണിക്കൂർ സന്നിധാനത്തുണ്ടായിരുന്ന താൻ വഴിപാട‌് കഴിപ്പിച്ച ശേഷമാണ‌് മടങ്ങിയത‌്. ആരുടെ ഭാഗത്തു നിന്നും ഒരു എതിർപ്പുമുണ്ടായില്ല’’–-മഞ്ജു പറഞ്ഞു.
കനകദുർഗ, ബിന്ദു അമ്മിണി, ശ്രീലങ്കൻ സ്വദേശിനി ശശികല എന്നിവർക്കു പിന്നാലെ ശബരിമലയിലെത്തുന്ന യുവതിയാണ‌് മഞ്ജു. നേരത്തെ മലകയറാൻ എത്തിയ ഇവരെ സംഘപരിവാർ തടഞ്ഞിരുന്നു. പിന്നാലെ ഇവരുടെ വീടിനുനേരെ ആക്രമണവും നടന്നു.
പുലർച്ചെ നാലോടെയാണ‌് പമ്പയിലെത്തിയത‌്. പോലീസ‌് സംരക്ഷണം തേടിയിരുന്നില്ല. രാവിലെ 7.30ന‌് ദർശനം നടത്തി. അയ്യപ്പഭക്തരും, അയ്യപ്പ സേവാസംഘവും എല്ലാ സഹായങ്ങളും ചെയ‌്തു‐ ഇവർ പറഞ്ഞു. എന്നാൽ ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന‌് അയ്യപ്പ സേവാസംഘം ദേശീയ വൈസ‌് പ്രസിഡന്റ‌് പി ബാലൻ അറിയിച്ചു.
No comments:
Post a Comment