Latest News

തൂക്കു പാര്‍ലിമെന്റ് നിലവില്‍ വരും; യു പിയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടാകും: സര്‍വേ

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. തൂക്കു പാര്‍ലിമെന്റ് ആയിരിക്കും ഉണ്ടാവുകയെന്ന് ഇന്ത്യ ടുഡേ-കാര്‍വി സര്‍വേ വ്യക്തമാക്കി.[www.malabarflash.com]

ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ 237 സീറ്റുകളിലൊതുങ്ങും. 2014 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയതില്‍ 86 സീറ്റുകള്‍ സഖ്യത്തിനു നഷ്ടമാകും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വന്‍ നേട്ടമുണ്ടാക്കും. ഇരു സഖ്യങ്ങളിലും പെടാത്ത പ്രാദേശിക പാര്‍ട്ടികളും അവരുടെ സഖ്യവും 140 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

യു പിയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് എ ബി പി ന്യൂസ് പുറത്തുവിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മഹാഘട്ബന്ധനിലെ കക്ഷികളായ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ സഖ്യം യു പി യില്‍ 51 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ 25ല്‍ ഒതുങ്ങും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 73 സീറ്റുകള്‍ നേടിയ സംസ്ഥാനമാണ് യു പി. വന്‍ ഭൂരിപക്ഷത്തോടെയാണ് ഇവിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നിലവില്‍ വന്നതും.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിനു മുമ്പു നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് എ ബി പി ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കയുടെ വരവ് ഫലത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കിയേക്കുമെന്നും ചാനല്‍ പറയുന്നു. 

കോണ്‍ഗ്രസ് യു പിയില്‍ ഒറ്റക്കു മത്സരിച്ചാല്‍ അത് കൂടുതല്‍ ബാധിക്കുക മഹാഘട്ബന്ധനിനെക്കാള്‍ ബി ജെ പിയെ ആയിരിക്കുമെന്നും സര്‍വേയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.