Latest News

അഖിലേന്ത്യാ പണിമുടക്കില്‍ ബംഗാളിന് ഒരുദിവസത്തെ ഇളവ് സി.പി.എമ്മില്‍ അമര്‍ഷം പുകയുന്നു

ന്യൂഡല്‍ഹി:ഈ മാസം 20, 21 തീയതികളില്‍ തൊഴിലാളിസംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്കില്‍ പശ്ചിമബംഗാളിന് ഇളവുനല്‍കിയതിനെതിരെ സി.പി.എമ്മിലും ഇടതുപാര്‍ട്ടികളിലും എതിര്‍പ്പ് രൂക്ഷമായി.

21-ന് ബംഗാളിഭാഷാദിനമായി ആചരിക്കുന്നതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് ആദ്യദിവസം മാത്രമാക്കി ചുരുക്കാനാണ് ധാരണ. ഭാഷാദിനത്തില്‍ ബംഗാളിനെ സ്തംഭിപ്പിക്കുന്നത് നന്നല്ലെന്നാണ് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയുടെ അഭിപ്രായം. ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ സമ്മര്‍ദത്തിന് കേന്ദ്രനേതൃത്വം വഴങ്ങിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശം.

എന്നാല്‍, ബംഗാളിന് ഇളവുനല്‍കിയിട്ടില്ലെന്നും വ്യവസായശാലകളില്‍ പണിമുടക്കുണ്ടാവുമെന്നും സി.ഐ.ടി.യു. ദേശീയപ്രസിഡന്റ് എ.കെ. പത്മനാഭന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഭാഷാദിനാചരണത്തെ തൊഴിലാളിസംഘടനകള്‍ തടസ്സപ്പെടുത്തില്ല. തങ്ങള്‍ അഖിലേന്ത്യാബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എന്‍.ടി.യു.സി., ബി.എം.എസ്. തുടങ്ങിയ തൊഴിലാളിസംഘടനകളും ഇടതുസംഘടനകള്‍ക്കൊപ്പം പണിമുടക്കില്‍ പങ്കുചേരും. അധ്യാപകരും ജീവനക്കാരുമടക്കമുള്ള രാജ്യത്തെ തൊഴിലാളികളൊന്നാകെ പണിമുടക്കില്‍ പങ്കെടുക്കും.

ദേശീയപണിമുടക്ക് 21-ന് വ്യവസായശാലകളില്‍മാത്രം ഒതുങ്ങുമെന്നും ഗതാഗതത്തെയും വിദ്യാലയങ്ങളെയുമൊക്കെ മാറ്റിനിര്‍ത്തുമെന്നും സി.ഐ.ടി.യു. ബംഗാള്‍ പ്രസിഡന്റ് ശ്യാമള്‍ ചക്രവര്‍ത്തി കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

തൊഴിലാളി സമരങ്ങള്‍ക്കെതിരെ ബുദ്ധദേവ് ഏറെക്കാലമായി സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് പാര്‍ട്ടിയിലെയും ഇടതുപക്ഷത്തെയും വിമര്‍ശം. സപ്തംബര്‍ ആദ്യം ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ യോഗമാണ് രണ്ടുദിവസത്തെ പണിമുടക്ക് തീരുമാനിച്ചത്. തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയോഗം പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.

പിന്നീട് സി.പി.എമ്മിന്റെ നേതൃയോഗങ്ങളുണ്ടായപ്പോഴൊന്നും ഭാഷാദിനവും പണിമുടക്കിന്റെ പ്രായോഗികപ്രശ്‌നങ്ങളും ബുദ്ധദേവ് ചൂണ്ടിക്കാട്ടിയില്ല. 2008 ആഗസ്തില്‍ വ്യവസായസംഘടനയായ അസോചത്തിന്റെ യോഗത്തില്‍, ബന്ദുകളും തൊഴിലാളിസമരങ്ങളും നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ബുദ്ധദേവ് പറഞ്ഞിരുന്നു. എ.ഡി.ബി., ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്രനിധികളില്‍നിന്ന് വായ്പയെടുക്കുന്നതിനെ പ്രഭാത് പട്‌നായക്ക് അടക്കമുള്ള പാര്‍ട്ടി സൈദ്ധാന്തികര്‍ എതിര്‍ക്കുന്നതിനോടും ബുദ്ധദേവ് നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

സി.പി.എം. ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ ഭാഷയുടെ പേരില്‍ ബുദ്ധദേവ് നിരസിക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശം. തൊഴിലാളിസംഘടനകളെ യോജിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച എ.ഐ.ടി.യു.സി. നേതാവ് ഗുരുദാസ്ദാസ് ഗുപ്തയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ അതൃപ്തരാണെന്ന് ഒരു സി.പി.ഐ. നേതാവ് വ്യക്തമാക്കി.

തൊഴിലാളിസമരങ്ങളെ എതിര്‍ക്കുന്ന മമതാ ബാനര്‍ജിയും ബുദ്ധദേവും തമ്മില്‍ വ്യത്യാസമില്ലാതായെന്നാണ് മറ്റൊരു വിമര്‍ശം. സ്ഥിരം ജോലികളില്‍ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമംവേതനം പതിനായിരം രൂപയാക്കുക, തൊഴിലാളികള്‍ക്ക് സാര്‍വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പണിമുടക്ക്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.