Latest News

ബേപ്പൂരിന്റെ കരകൌശല വൈദഗ്ധ്യവുമായി ഉരു ദുബായിലേക്ക്

ബേപ്പൂര്‍ : ബേപ്പൂരിന്റെ കരകൌശല വൈദഗ്ധ്യം കടല്‍ കടന്നെത്തിക്കാന്‍ പണിത ആഡംബര ഉരു യാത്രയ്‌ക്കൊരുങ്ങി. ഖത്തര്‍ രാജ കുടുംബത്തിനു നിര്‍മിച്ച ഭീമന്‍ ഉരു വേലിയേറ്റ തക്കത്തില്‍ വ്യാഴായച അര്‍ധ രാത്രിയോടെ നീറ്റിലിറക്കും. ഉരു വെള്ളത്തിലിറക്കാന്‍ ബിസി റോഡ് കക്കാടത്ത് നദീമുഖത്ത് ബാലൂസ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സജ്ജമായി. ഖലാസി മൂപ്പന്‍ പി. കോയയുടെ നേതൃത്വത്തില്‍ നാല്‍പതോളം തൊഴിലാളികള്‍ ചേര്‍ന്നാണ് ഉരു നീറ്റിലിറക്കുന്നത്.
യുവ വ്യവസായി ബേപ്പൂര്‍ പാണ്ടികശാലകണ്ടി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ബിനാഫ എന്റര്‍െ്രെപസസാണ് വിദേശികള്‍ക്കായി ഉരു നിര്‍മിച്ചത്. ശൈഖിന്റെ നിര്‍ദേശ പ്രകാരം തേക്ക്, കൊയ്‌ല, വാക എന്നിവയിലാണ് നിര്‍മാണം. അടിവശത്ത് 110 അടിയും മുകളില്‍ 146 അടിയും നീളമുള്ള ഉരുവിന് 33 അടി വീതിയും 13 അടി ഉയരവുമുണ്ട്. നീറ്റിലിറക്കുന്ന ഉരു രേഖകള്‍ ശരിപ്പെടുത്തി ദുബായിയിലേക്കാണ് കൊണ്ടു പോകുന്നത്.
ദുബായില്‍ എത്തിച്ചു എന്‍ജിന്‍ ഘടിപ്പിച്ച ശേഷം ആഡംബര പണികള്‍ക്കായി സിംഗപ്പൂരില്‍ കൊണ്ടുപോകാനാണ് രാജകുടുംബത്തിന്റെ നീക്കം. സംബൂക്ക് ഇനത്തില്‍പെട്ട ഉരുവിന്റെ പിന്‍ഭാഗം തുറന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. രാജകുടുംബത്തിനു വിനോദ യാത്രയ്ക്ക് ഉപയോഗിക്കാനുള്ളതിനാല്‍ കടലില്‍ സഞ്ചരിക്കുന്ന മോട്ടോര്‍ ബൈക്ക് ഉള്‍പ്പെടെയുള്ള യാനങ്ങള്‍ ഉരുവില്‍ കയറ്റാനാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രൂപകല്‍പന.
നീറ്റിലിറക്കിയ ശേഷം മറ്റൊരു ഉരുവിന്റെ സഹായത്തോടെ കെട്ടിവലിച്ചാകും കൊണ്ടു പോകുക. ബേപ്പൂരിലെ തച്ചുശാസ്ത്ര വിദഗ്ധന്‍ എടത്തൊടി സത്യന്റെ നേതൃത്വത്തില്‍ മുപ്പതോളം തൊഴിലാളികള്‍ ഒന്നര വര്‍ഷത്തെ അധ്വാനം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്‍ഭാഗം തുറന്ന തരത്തിലുള്ള ഉരു ബേപ്പൂരില്‍ ഇതാദ്യമായാണ് നിര്‍മിക്കുന്നതെന്ന് ബിനാഫ എന്റര്‍െ്രെപസസ് ഉടമ പാണ്ടികശാലകണ്ടി അബ്ദുല്‍ മജീദ് പറഞ്ഞു.
ഇതോടൊപ്പം ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഉരുവും ബിനാഫ എന്റര്‍െ്രെപസസില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. 186 അടി നീളമുള്ള ഉരുവിനു 42 അടി വീതിയുണ്ട്. ഇതും ഖത്തറിലെ രാജകുടുംബത്തിനുള്ളതാണ്. നിര്‍മാണം പുരോഗമിക്കുന്ന ഈ ഉരു പൂര്‍ത്തീകരിക്കാന്‍ ഇനിയും ഒരു വര്‍ഷത്തെ അധ്വാനം വേണം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബേപ്പൂരില്‍ നിന്ന് വീണ്ടും ഉരു അറബി നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നത്.
(Manoramaonline)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.