Latest News

പച്ചക്കോട്ട് ധരിക്കാത്തതിന് പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: സ്‌കൂളില്‍ പച്ചക്കോട്ട് ധരിച്ച് ഹാജരാകണമെന്ന നിര്‍ദേശം പാലിച്ചില്ലെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്ത അധ്യാപികയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം അരീക്കോട് ഓറിയന്‍റല്‍ ഹൈസ്‌കൂളിലെ അധ്യാപിക കെ. ജമീലയെ തിരിച്ചെടുക്കാനും അവരുടെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍വീസായി കണക്കാക്കി ശമ്പളം നല്‍കാനുമാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ ഉത്തരവിട്ടിട്ടുള്ളത്.
2012 ഒക്ടോബര്‍ 20 മുതല്‍ ഹര്‍ജിക്കാരി സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷന്‍ 15 ദിവസത്തിലധികം നീളരുതെന്നാണ് വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ അതിനു വിരുദ്ധമായി അവരെ ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തിയ സര്‍ക്കാര്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് കോടതി വിലയിരുത്തി.
സസ്‌പെന്‍ഷന്‍ 15 ദിവസം പിന്നിട്ടപ്പോള്‍ അധ്യാപികയെ തിരിച്ചെടുക്കണമെന്ന ഡി.ഇ.ഒ. യുടെ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിനുപകരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. അധ്യാപികയ്ക്ക് നീതി ഉറപ്പാക്കേണ്ട സര്‍ക്കാരിന്റെ ഇടപെടലിനെ കോടതി വിമര്‍ശിച്ചു.
പച്ചക്കോട്ടിടാന്‍ വിസമ്മതിച്ച അധ്യാപികയെ തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം കാണിച്ചുവെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തതിന് ന്യായീകരണമില്ലെന്നും കോടതി വ്യക്തമാക്കി. സ്‌കൂളിലെ അധ്യാപകര്‍ നിശ്ചിത രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് വിദ്യാഭ്യാസ ചട്ടത്തില്‍ വ്യവസ്ഥയില്ല. അത്തരമൊരു നിര്‍ദേശം നല്‍കിയതായി മാനേജ്‌മെന്‍റും പറയുന്നില്ല. എന്നിരിക്കേ ഹര്‍ജിക്കാരി തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം കാണിച്ചുവെന്ന് കരുതാനാവില്ലെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി.
(Mathrubhumi)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.