Latest News

മകളുടെ നിക്കാഹില്‍ പങ്കെടുക്കാന്‍ മഅദനിയ്ക്ക് ജാമ്യം അനുവദിക്കണം

കൊല്ലം: ബാംഗ്ലൂരില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയ്ക്ക് മകളുടെ നിക്കാഹില്‍ പങ്കെടുക്കുന്നതിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പി.ഡി.പി. നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 10ന് കൊല്ലത്തുവച്ചാണ് മഅദനിയുടെ മകളുടെ കല്ല്യാണം നിശ്ചയിച്ചിരിക്കുന്നത്. മകളുടെ നിക്കാഹ് നടത്തിക്കൊടുക്കുന്നതിനും ചടങ്ങില്‍ കാര്‍മ്മികത്വം വഹിക്കുന്നതിനും പിതാവെന്നനിലയില്‍ മഅദനിയുടെ സാന്നിധ്യം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ മഅദനിയ്ക്ക് ഉപാധികളോടെ ഇടക്കാലജാമ്യം ലഭ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. മഅദനിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കല്ല്യാണം നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിനുള്ള പൂര്‍ണചെലവ് പാര്‍ട്ടി വഹിക്കും. ഇക്കാര്യത്തില്‍ മാനുഷികമായ നടപടികള്‍ ഉണ്ടാകണം.
കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മഅദനിയ്ക്ക് കുറച്ചുദിവസം സ്വന്തം ചെലവില്‍ ചികിത്സ ലഭിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതുകാരണം കൂടുതല്‍ ചികിത്സനേടാന്‍ കഴിഞ്ഞിട്ടില്ല. കാഴ്ചശക്തി നഷ്ടപ്പെട്ട വലത്തേ കണ്ണിന് ഓപ്പറേഷന്‍ നടത്തുന്നതിനും സാധിച്ചിട്ടില്ല. ഇരുകണ്ണുകളിലും ഇഞ്ചക്ഷന്‍ എടുത്തശേഷം മഅദനിയെ തിരികെ ജയിലില്‍ അയക്കുകയാണ് ചെയ്തത്. മഅദനിയുടെ ജീവന്‍ രക്ഷിക്കുക, ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങും. ഇതിന്റെ ഭാഗമായി മാര്‍ച്ച് 13 ന് കൊല്ലം ടൗണ്‍ഹാളില്‍ സംസ്ഥാന പ്രതിനിധിസമ്മേളനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൊട്ടാരക്കര സാബു, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, നേതാക്കളായ ബി.എന്‍.ശശികുമാര്‍, കേരളപുരം ഫൈസല്‍, ബ്രൈറ്റ് സൈഫുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.