Latest News

മനോജ് വധം: പോലീസ് ചോദ്യം ചെയ്ത യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

പയ്യോളി: ബി.എം.എസ്. പ്രവര്‍ത്തകന്‍ സി.ടി. മനോജ് കൊല്ലപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്ത യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ ചൊറിയന്‍ചാലില്‍ താരേമ്മല്‍ ഉണ്ണി എന്ന സനല്‍രാജാണ് (25) മരിച്ചത്.
അയനിക്കാട് 24-ാം മൈല്‍സിന്നടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍പ്പാളത്തിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. സനല്‍രാജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സി.പി.എം. ആരോപിച്ചു.
മനോജ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ദിവസം സനല്‍രാജ് പയ്യോളി പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. എന്നാല്‍ പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചു. ഈ കേസില്‍ തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് വിഭാഗം, സനല്‍രാജിനെ അടുത്തകാലത്ത് രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
മനോജ് വധക്കേസില്‍ ഒരിക്കല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം വരെ നല്കിയതാണ്. യഥാര്‍ഥ പ്രതികള്‍ തങ്ങളല്ലെന്നും പ്രതികളാക്കപ്പെട്ടവരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തുടരന്വേഷണം നടന്നുവരികയാണിപ്പോള്‍.
മനോജ് വധത്തിനുശേഷം സനല്‍രാജിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. സഹോദരന്‍ രജീഷിന്റെ ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. മനോജിന്റെ വീടിനടുത്താണ് സനല്‍രാജിന്റെ വീടും.
മൃതദേഹം ആദ്യം വടകര ഗവ. ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയെങ്കിലും സി.പി.എം. നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അച്ഛന്‍ സി.സി. രാജന്‍, അമ്മ: ജാനകി. സഹോദരങ്ങള്‍ രജീഷ്, രസ്‌ന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.