Latest News

സഹോദരങ്ങള്‍ തീവണ്ടിതട്ടി മരിച്ചു; നാട്ടുകാര്‍ റെയില്‍വേ ഉദ്യോഗസ്ഥനെ തീവെച്ചു കൊന്നു

മധ്യപ്രദേശ്: ഗുലാബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനുസമീപം റെയില്‍പ്പാളം മുറിച്ചുകടക്കുകയായിരുന്ന രണ്ട് കുട്ടികള്‍ തീവണ്ടി തട്ടി മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ റെയില്‍വേ സ്റ്റേഷന് തീവെച്ചു. ഗുരുതരമായ പൊള്ളലേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. മറ്റൊരാളെ ഭോപ്പാലിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
വേഗമെത്തിയ സമ്പര്‍ക്ക്ക്രാന്തി എക്‌സ്​പ്രസ് തീവണ്ടിയിടിച്ചാണ് സഹോദരങ്ങളായ മുഹമ്മദ് അലി (5), ഇക്ര (8) എന്നിവര്‍ മരിച്ചത്. മേല്‍പ്പാലമില്ലാത്തതിനാല്‍ റെയില്‍പ്പാളത്തിലൂടെതന്നെ അപ്പുറത്തേക്ക് നടക്കുകയായിരുന്നു കുട്ടികള്‍. നിര്‍ത്തിയിട്ട ചരക്കു തീവണ്ടിക്കടിയിലൂടെ നൂണുകടന്ന് അടുത്ത പാളത്തിലെത്തിയ കുട്ടികളെ അതിലൂടെ വേഗം വന്ന സമ്പര്‍ക്ക്ക്രാന്തി എക്‌സ്​പ്രസ് ഇടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് റെയില്‍വേ ബജറ്റ് അവതരിപ്പിച്ച് റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞ അന്നുതന്നെയാണ് മധ്യപ്രദേശില്‍ ഈ ദുരന്തമുണ്ടായത്.
ഗുലാബ്ഗഞ്ചില്‍ സ്റ്റോപ്പില്ലാത്ത തീവണ്ടിയാണ് സമ്പര്‍ക്ക് ക്രാന്തി. വണ്ടി ഗുലാബ്ഗഞ്ച് സ്റ്റേഷനിലൂടെ കടന്നുപോകുന്ന വിവരം അനൗണ്‍സ് ചെയ്തിരുന്നില്ലെന്നും അതിനാലാണ് അപകടമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.
അപകടവാര്‍ത്ത പരന്നതോടെ രോഷാകുലരായ നാട്ടുകാര്‍ തീവണ്ടിഗതാഗതം തടസ്സപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ സങ്കേത് ബന്‍സാലിനെയും പോയന്റ് സൂപ്പര്‍വൈസര്‍ ഭഗ്‌വന്‍ ദാസിനെയും അകത്തിട്ട് സ്റ്റേഷന്‍ കെട്ടിടത്തിന് തീവെച്ചു. സ്ഥിതി നിയന്ത്രിക്കാന്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയപ്പോഴേക്കും രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആസ്​പത്രിയിലെത്തിക്കും മുമ്പേ ദാസ് മരിച്ചു. ബന്‍സാല്‍ ഭോപ്പാലിലെ ആസ്​പത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെത്തുടര്‍ന്ന് ഭോപ്പാല്‍-ചെന്നൈ റൂട്ടില്‍ തീവണ്ടികള്‍ നാലര മണിക്കൂര്‍ വൈകി. വിദിഷ കളക്ടര്‍ ആനന്ദ് ശര്‍മയും പോലീസ് സൂപ്രണ്ട് ബി.പി. ചന്ദ്രവംശിയും സംഭവസ്ഥലത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ നാട്ടുകാരോട് അഭ്യര്‍ഥിച്ചു. കുട്ടികളുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രക്ഷോഭം നടത്തി.

Mathrubhumi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.