Latest News

ഗര്‍ഭിണിയേയും മാതാവിനെയും പൊലീസ് ആക്രമിച്ചതായി പരാതി

ചെറുവത്തൂര്‍: ചെമ്പ്രകാനത്ത് ഗര്‍ഭിണിയേയും ഉമ്മയേയും പൊലീസ് ആക്രമിച്ചതായി പരാതി. ചെമ്പ്രകാനത്തെ അബ്ദുള്‍ നസീറിന്റെ ഭാര്യ ഫൗസിയ (30), ഉമ്മ ഫാത്തിമ (52) എന്നിവരെയാണ് നീലേശ്വരത്തുനിന്നെത്തിയ 15 അംഗ പൊലീസുകാര്‍ ആക്രമിച്ചത്. പരിക്കേറ്റ ഉമ്മയേയും മകളെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അബ്ദുള്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്. വീട്ടിലെത്തിയ ഉടന്‍ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ശബ്ദംകേട്ട് പുറത്തിറങ്ങിയ അബ്ദുള്‍നസീറിനെ മര്‍ദിച്ച ശേഷം പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചു. നിലവിളികേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഗര്‍ഭിണിയായ ഫൗസിയയെ ആക്രമിച്ചത്. ബൂട്ടിട്ട കാലുകൊണ്ട് ഫൗസിയയുടെ വയറില്‍ ചവിട്ടിയ സംഘം വീട്ടിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്ന ഫാത്തിമയുടെ കൈ തല്ലിയൊടിച്ചതായും ആശുപത്രിയിലുുളവര്‍ പറഞ്ഞു.. അക്രമത്തെ തുടര്‍ന്ന് ഇരുവരും ബോധരഹിതരായി. അബ്ദുള്‍ നസീറിന്റെ അഞ്ചുവയസുള്ള മകന്‍ നിഹാലിന്റെയും സഹോദരിയുടെ മകളായ 12 വയസുകാരി റംസീനയുടെയും നിലവിളി കേട്ട് സമീപവാസി ഓടിയെത്തിയപ്പോഴാണ് അക്രമത്തില്‍നിന്ന് പൊലീസ് പിന്തിരിഞ്ഞതെന്ന് അവര്‍ അറിയിച്ചു.
അബ്ദുള്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ച് വന്നതാണെന്നും സംഭവം പുറത്തുപറയേണ്ടെന്നും പറഞ്ഞായിരുന്നു അരമണിക്കൂര്‍ നീണ്ട താണ്ഡവം അവസാനിപ്പിച്ച് പൊലീസ് മടങ്ങിയത്. സഹോദരിയും ഭര്‍ത്താവ് റഫീഖും തൈക്കടപ്പുറത്താണ് താമസമെന്നും റഫീഖിനെ അന്വേഷിച്ച് തന്റെ വീട്ടില്‍ പൊലീസ് എന്തിനാണ് വന്നതെന്നറിയില്ലെന്നും അബ്ദുള്‍ നസീര്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് അബ്ദുള്‍ നസീറിന്റെ മറ്റൊരു സഹോദരി റംലയുടെ നിടുംബയിലെ വീട്ടിലും പൊലീസെത്തി സമാനരീതിയില്‍ പരാക്രമം നടത്തിയിരുന്നു.
തൈക്കടപ്പുറത്തെ ആയിഷ എന്ന സ്ത്രീയുടെ വീട്ടില്‍ അസമയത്ത് സന്ദര്‍ശകരായെത്തുന്നവരെ റഫീഖും നാട്ടുകാരും ചേര്‍ന്ന് വിരട്ടിയോടിച്ചിരുന്നു. ഇതിന്റെ പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് ആരോപണമുണ്ട്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.