Latest News

വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ആയിരങ്ങള്‍ പൊങ്കാല നിവേദിച്ചു

മാവുങ്കാല്‍: വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാല നിവേദിച്ചു.
അതിരാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു.
പൊങ്കാല നിവേദ്യത്തിന് ആയിരത്തോളം അടുപ്പുകളാണ് ക്ഷേത്രപരിസരത്ത് സജ്ജീകരിച്ചത്. പൊങ്കാല അടുപ്പില്‍ രാവിലെ 9.30 മണിയോടെ ദീപം തെളിയിച്ചു. തുടര്‍ന്ന് കലശാഭിഷേകം, ഉച്ചക്ക് പൊങ്കാല നിവേദ്യം നടന്നു.
ദുരിത മോചനം, സമ്പല്‍ സമൃദ്ധി, ആഗ്രഹ സാഫല്യം, മംഗല്യയോഗം, കുടുംബ ഐശ്വര്യം തുടങ്ങിയ ഗുണങ്ങള്‍ പൊങ്കാല നിവേദ്യത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. അഭീഷ്ട വരസിദ്ധി കൈവരുവാനും സര്‍വാര്‍ഥ സാധികയുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനുമായി വ്രത ശുദ്ധിയോടെ മാതൃജനങ്ങള്‍ ക്ഷേത്രത്തിലെത്തി ചൊവ്വാഴ് പൊങ്കാല അര്‍പിക്കുകയായിരുന്നു. ദേവിയുടെ അനുഗ്രഹത്തിന്റെ പ്രതീകമായ തീര്‍ഥജലം വീണ പൊങ്കാല നിവേദ്യം പ്രസാദമായി സങ്കല്‍പിച്ച് ആത്മ നിര്‍വൃതിയോടെ ഭക്തജനങ്ങള്‍ തിരിച്ച് പോകുകയായിരുന്നു.
പത്മനാഭ പട്ടേരി, വാസുദേവ പട്ടേരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കുംഭമാസത്തിലെ പൂരം നാളില്‍ ഈ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം കൊണ്ടാടുന്നത് ഇത് ഏഴാം തവണയാണ്. ഇതിന് മുന്നോടിയായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ സമൂഹ ചണ്ഡികാ ഹോമം നടത്തി. ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് ദീപാരാധന, ഏഴ് മണിക്ക് തായമ്പക, എട്ട് മണിക്ക് അത്താഴപൂജ, 9.30ന് ഹവിസ് പൂജ, ശ്രീഭൂതബലി, തടമ്പ് നൃത്തം എന്നീ ചടങ്ങുകള്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.