Latest News

വെടിക്കെട്ട് ദൃശ്യം പകര്‍ത്തുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ തീവണ്ടി തട്ടി മരിച്ചു

വടക്കാഞ്ചേരി:കനത്ത സുരക്ഷയ്ക്കിടയിലും ഉത്രാളി വെടിക്കെട്ടിന്റെ കലാശത്തിനിടയില്‍ ഫോട്ടോഗ്രാഫര്‍ തീവണ്ടി തട്ടി മരിച്ചു.
കൊടുങ്ങല്ലൂരിലെ പ്രശസ്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ.ജെ. വിന്‍സെന്‍റാണ് (58) മരിച്ചത്. റെയില്‍പ്പാളത്തിലേക്ക് പോലീസ് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നിട്ടും വിന്‍സെന്‍റ് അവരെ സമീപിച്ച് നല്ല ഫ്രെയിമിനുവേണ്ടി പാളത്തോട് ചേര്‍ന്നുള്ള പ്ലാറ്റ്‌ഫോമില്‍ കയറിനിന്ന് ഏങ്കക്കാടിന്റെ വെടിക്കെട്ട്ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കലാശത്തിനിടയില്‍ പിറകോട്ടുമാറിയതാണ് അപകടകാരണമായതെന്ന് പറയുന്നു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന മുംബൈ-ജയന്തിജനത ഇതിനിടയില്‍ തട്ടിവീഴ്ത്തുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടനെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ആംബുലന്‍സുമായി ജനത്തിരക്കിനിടയിലൂടെ ഉത്രാളിക്കാവിന് മുന്നിലെത്തി വിന്‍സെന്‍റിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞവര്‍ഷം ഇവിടെ വെടിക്കെട്ടിനിടയില്‍ തീവണ്ടി തട്ടി മൂന്നുപേര്‍ മരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പലതവണ വെടിക്കെട്ടിനിടയില്‍ തീവണ്ടി വരുന്നത് അറിയാതെ അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം റെയില്‍പാളത്തില്‍ പൂരം കാണുന്നതിന് ആരെയും അനുവദിക്കാതെ പോലീസ് സുരക്ഷ ഉറപ്പാക്കിയത്.
മാടവന തിരുവള്ളൂര്‍ കുര്യാപ്പിള്ളി പരേതനായ ജോസഫ്, എലിസബത്ത് ദമ്പതിമാരുടെ മകനാണ് വിന്‍സെന്‍റ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: വല്‍സന്‍, ജോളി, സാബു, ജോണ്‍സണ്‍, ചാര്‍ളി, ഡെയ്‌സി, മെഴ്‌സി, ലില്ലി, പരേതനായ റോബര്‍ട്ട്.

mathrubhumi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.