Latest News

ചോദ്യോത്തര വേള കത്തിക്കയറി; പ്രതിപക്ഷ സഹകരണത്തോടെ ഭരണം സുതാര്യം

എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്നും ഭരണം സുതാര്യമായി മുമ്പോട്ട് പോകുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയുടെ മറുപടി. ആകാശവാണി കണ്ണൂര്‍ നിലയവും തൃശൂര്‍ കിലയും ചേര്‍ന്ന് എടനീര്‍ ഗവ:ഹയര്‍ സെക്കണ്ടിസ്‌കൂളില്‍ സംഘടിപ്പിച്ച റേഡിയോ സ്‌കൂള്‍ പഞ്ചായത്തിലാണ് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്. മാലിന്യസംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബൃഹദ് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത്പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ആര്‍.എം. അര്‍ജുന്‍ പ്രൊഫൈലും സി.എ അബ്ദുല്‍ ഖാദര്‍ പ്രൊജക്ടും അവതരിപ്പിച്ചു. പ്രൊജക്ടിനേയും പ്രൊഫൈലിനേയും വിലയിരുത്തി വിധികര്‍ത്താക്കളായ സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ, കില റിസോര്‍സ്‌പേഴ്‌സണ്‍ കൃഷ്ണന്‍ അഡൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ സംസാരിച്ചു. ആകാശവാണി കണ്ണൂര്‍ നിലയം പ്രോഗ്രാം ഓഫീസര്‍ ടി.കെ ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. വെങ്കട്രമണഭട്ട് അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സി.വി കൃഷ്ണന്‍, നബീസ ഇബ്രാഹിം, അബ്ദുല്‍റസാഖ്, വി. സദാനന്ദന്‍, പി. ചന്തുകുട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ബിന്ദു, പി.ടി.എ പ്രസിഡണ്ട് കെ. ഖാലിദ് പ്രസംഗിച്ചു. റേഡിയോ സ്‌കൂള്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ. രാജന്‍ സ്വാഗതവും സി.പി.വി വിനോദ് നന്ദിയും പറഞ്ഞു. അധ്യാപകരായ എം.അഭിലാഷ്, കെ. സൂര്യനാരായണഭട്ട്, പി.എസ് ശശി, പി. സുധീര്‍ നേതൃത്വംനല്‍കി. ചെങ്കള പഞ്ചായത്തിന്റെ വികസന രൂപരേഖ വരച്ചുകാണിക്കുന്ന പ്രൊജക്ട് വിദ്യാര്‍ത്ഥി സി.എ അബ്ദുല്‍ ഖാദര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. അശ്വതി, സുരഭി, രാജന്‍, പ്രവീണ്‍, പ്രസീത, വിഷ്ണു തുടങ്ങിയ അമ്പതോളം കുട്ടികളാണ് പഞ്ചായത്ത് പ്രസിഡണ്ടുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.