Latest News

എന്‍ഡോസള്‍ഫാന്‍ സമരം അട്ടിമറിക്കാന്‍ നീക്കം: തിങ്കളാഴ്ച ഒരു മണിക്കൂള്‍ നഗരം നിശ്ചലമാകും

കാസര്‍കോട്: അഞ്ചു വര്‍ഷത്തിലധികമായി ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്ലിനെ ഒഴിവാക്കി രാഷ്ട്രീയക്കാര്‍ക്കു പ്രാധാന്യമുള്ള പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലിനെ മുഖ്യമന്ത്രി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്കു ക്ഷണിച്ചതു വിവാദമാവുന്നു. ഇത് എന്‍ഡോസള്‍ഫാന്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നേതാക്കള്‍ ആരോപിച്ചു.
പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടക്കുന്ന നിരാഹാര സമരം 33 ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് അനുകൂലമായ സാഹചര്യം സ്വീകരിക്കുന്നില്ല. 21ന് തിരുവനന്തപുരത്തു സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത് 25നു നടക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ അംഗങ്ങളുടെ യോഗത്തില്‍ മാത്രമെ ഇതു സംബന്ധിച്ചു തീരുമാനമെടുക്കാനാവൂ എന്നാണ്.
എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചത് ഒന്നരവര്‍ഷം മുമ്പ് മാത്രം രൂപീകരിച്ചതും ഇതുവരെ യോഗം ചേരാത്തതുമായ സെല്ലിനെയാണ്. ഇതുമായി ഒരു ബന്ധവുമില്ലാത്തതും രാഷ്ട്രീയക്കാരെ കുത്തിത്തിരുകിയതുമായ ഈ സെല്‍ പ്രഹസനമാണെന്നു നേരത്തെ അഭിപ്രായമുണ്ടായിരുന്നു. സെല്ലിനെ പിരിച്ചുവിടണമെന്നും ആവശ്യമുണ്ടായിരുന്നു.
2011 ഒക്‌ടോബറില്‍ ചില രാഷ്ട്രീയ നേതാക്കളുടെ താല്‍പ്പര്യപ്രകാരം രൂപീകരിച്ച കമ്മിറ്റിയാണിത്. മന്ത്രി കെ പി മോഹനന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ പലരും ഇല്ല. പകരം എന്‍ഡോസള്‍ഫാനുമായി ഒരു ബന്ധവുമില്ലാത്ത കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലെ ആളുകളാണുള്ളത്. സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും എന്‍—ജി.ഒകളെയും തന്ത്രപരമായി അകറ്റിനിര്‍ത്തുകയും ചെയ്തു.
ബെള്ളൂര്‍, കുമ്പഡാജെ, കാറഡുക്ക, മുളിയാര്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലെ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന, എല്‍.ഡി.എഫ് ഭരിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനെ തീര്‍ത്തും ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതായും പരാതി ഉണ്ട്. എന്‍ഡോസള്‍ഫാനെതിരേയുള്ള പോരാട്ടത്തില്‍ ആദ്യംമുതലുള്ള ഡോ. മോഹന്‍കുമാര്‍, ശ്രീപഡ്രെ തുടങ്ങിയ സാമൂഹികപ്രവര്‍ത്തകരെയും പുതിയ സെല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് തിങ്കളിഴ്ച പ്രതിഷേധ ജനസമുദ്രം തീര്‍ക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തിങ്കളിഴ്ച വിളിച്ച യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതാക്കളെയാരെയും ക്ഷണിച്ചിട്ടില്ല.
അന്നേദിവസം വൈകീട്ട് മൂന്ന് മുതല്‍ നാലു വരെ കടകള്‍ അടയ്ക്കാനും വാഹന ഗതാഗതം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളിഴ്ച എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ കോ-ഓഡിനേറ്റര്‍ റെനി ഐലിന്‍, സംസ്ഥാന ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല എന്നിവര്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ഗ്രോ വാസുവിനെയും മോയിന്‍ബാപ്പുവിനെയും സന്ദര്‍ശിച്ചു. സമരസമിതി നേതാവ് അംബികാസുതന്‍ മാങ്ങാട്, കഥാകൃത്ത് വാസു ചേറോട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകനായ മോഹന്‍കുമാര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. മോയിന്‍ ബാപ്പു സമരത്തില്‍ നിന്നു പിന്തിരിയണമെന്ന സഹപ്രവര്‍ത്തകരുടെ അഭ്യര്‍ഥന നിരസിച്ച് സമരപ്പന്തലില്‍ സജീവമായതു പുതിയ ആവേശമാണ് സൃഷ്ടിച്ചത്. കഴിഞ്ഞദിവസം സത്യഗ്രഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ നൂറുക്കണക്കിന് ആളുകളാണ് എത്തിയ­ത്. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.