Latest News

മോഡിയെ ന്യായീകരിച്ചത് വിവാദമായി; വിശദീകരണവുമായി കെ.എം. ഷാജി

കണ്ണൂര്‍: കടവത്തൂരില്‍ പാര്‍ട്ടി പൊതുയോഗത്തില്‍ കെ.എം. ഷാജി എം.എല്‍.എ നരേന്ദ്രമോഡിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായി. നരേന്ദ്രമോഡിയെ അനുകൂലിച്ച് ഷാജി പ്രസംഗിച്ചെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് വിവാദമായത്. തന്‍െറ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് വിശദീകരിക്കാന്‍ ഷാജി വാര്‍ത്താസമ്മേളനം നടത്തി. എന്നാല്‍, ഗുജറാത്ത് കലാപത്തിനു പിന്നില്‍ വ്യവസായ കോര്‍പറേറ്റുകളാണെന്ന് ഷാജി ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
നരേന്ദ്രമോഡിയെപോലുള്ള അപകടകാരിയായ നരഭോജിയെ എങ്ങനെ ന്യായീകരിക്കാനാവുമെന്ന് ചോദിച്ചാണ് കണ്ണൂരില്‍ ഷാജി വാര്‍ത്താസമ്മേളനം തുടങ്ങിയത്.
‘ഗുജറാത്ത് കലാപമുണ്ടാക്കിയത് കോര്‍പറേറ്റ് കുത്തക വ്യവസായികളും സാമ്രാജ്യത്വവുമാണ്. ഇതിനായി ആര്‍.എസ്.എസിനെയും മോഡിയെയും ഉപയോഗപ്പെടുത്തി. അമേരിക്ക, ഇസ്രായേല്‍, കുത്തകകള്‍ എന്നിവരില്‍നിന്ന് ആര്‍.എസ്.എസിനും മോഡിക്കും എന്‍.ഡി.എഫിനുമൊക്കെ ഫണ്ട് ലഭിക്കുന്നുണ്ട്. ഇങ്ങനെയാണ് ഞാന്‍ കടവത്തൂരില്‍ പ്രസംഗിച്ചത്. തന്‍െറ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. തന്‍െറ ഉദ്ദേശ്യമാണ് തന്‍െറ പ്രസംഗം. പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഗുജറാത്ത് വികസനത്തിന്‍െറ പാതയിലാണെന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവിടെ നഗരങ്ങളില്‍ മാത്രമാണ് വികസനം. ഗ്രാമങ്ങളില്‍ കടുത്ത ദുരിതമാണ്.
കൃഷിഭൂമിയൊക്കെ ടാറ്റ, ബിര്‍ള, റിലയന്‍സ് തുടങ്ങിയവര്‍ക്ക് മോഡി നല്‍കിയിരിക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ് ഗ്രാമങ്ങളില്‍. നേരത്തെ ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിലൂന്നിയ വ്യാവസായികാന്തരീക്ഷമായിരുന്നു ഗുജറാത്തില്‍. എന്നാല്‍, വ്യവസായ കുത്തകകള്‍ ഇത് തകര്‍ത്ത് അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ വര്‍ഗീയകലാപങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതാണ് ഗുജറാത്ത് കലാപം -ഷാജി വ്യക്തമാക്കി. ഹിന്ദു താല്‍പര്യമല്ല, പണമാണ് കലാപത്തിനു പിന്നില്‍. ആര്‍.എസ്.എസിനും മോഡിക്കും ഹിന്ദുമതമല്ല വേണ്ടത്. അവര്‍ അതിന്‍െറ ആളുകളുമല്ല. പണം മാത്രമാണ്, കച്ചവടതാല്‍പര്യമാണ് മതത്തിന്‍െറ പേരില്‍ സംരക്ഷിക്കുന്നത്. ഗുജറാത്തില്‍ ഇപ്പോഴും മുസ്ലിം പള്ളികളുണ്ട്. എല്ലാ മുസ്ലിംകളെയും കൊന്നിട്ടാണോ കലാപം കെട്ടടങ്ങിയത്? വ്യവസായികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സമാധാനം മാത്രമാണ് ഗുജറാത്തില്‍.
ആര്‍.എസ്.എസിനും എന്‍.ഡി.എഫിനും ഒരേ കേന്ദ്രത്തില്‍നിന്നാണ് ഫണ്ട് ലഭിക്കുന്നത്. എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നിലും ഈ കച്ചവടതാല്‍പര്യമാണ്. മണല്‍മാഫിയയിലും കള്ളനോട്ട് സംഘത്തിലും ഉള്‍പ്പെട്ടവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. തന്‍െറ പ്രസംഗത്തെപ്പറ്റി പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനലിനും പത്രങ്ങള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചതായും ഷാജി പറഞ്ഞു.
(Madhyamam)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.