Latest News

ആധാരമെഴുത്തുകാര്‍ക്ക് സബ് രജിസ്ട്രാര്‍ ഓഫിസില്‍ കര്‍ശന വിലക്ക്

കോഴിക്കോട്: ആധാരം എഴുത്തുകാര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കര്‍ശന വിലക്ക്. രജിസ്ട്രേഷന്‍ പുതുക്കാനും ഫയലിങ് ഷീറ്റ് വാങ്ങാനുമല്ലാതെ ആധാരമെഴുത്തുകാരെ ഓഫിസില്‍ പ്രവേശിപ്പിച്ചാല്‍ സബ് രജിസ്ട്രാര്‍ കടുത്ത നടപടി നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം രജിസ്ട്രേഷന്‍ ഐ.ജി സാബു പുറപ്പെടുവിച്ച ഉത്തരവിലാണ് കര്‍ശന നിര്‍ദേശം. രജിസ്ട്രേഷന്‍ പ്രക്രിയക്ക് ഇടനിലക്കാരായി നില്‍ക്കുന്ന ആധാരമെഴുത്തുകാര്‍ അഴിമതിയുടെ ഇടനിലക്കാരാവുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രജിസ്ട്രാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി പിരിച്ചുനല്‍കുന്നത് ആധാരം എഴുത്തുകാരാണെന്ന പരാതി നേരത്തേയുണ്ട്. അംഗീകൃത പരിപാടി പോലെയാണ് പലയിടങ്ങളിലും ഇടനിലക്കാരുടെ പണപ്പിരിവ്. മാത്രമല്ല, രജിസ്ട്രേഷന്‍ ഓഫിസുകളില്‍ ആധാരം എഴുത്തുകാര്‍ അമിതമായ സ്വാതന്ത്ര്യമുപയോഗിക്കുകയും ഔദ്യാഗിക കൃത്യ നിര്‍വഹണത്തില്‍ നേരിട്ട് പങ്കാളികളാവുകയും ചെയ്യുന്നു എന്ന പരാതി വ്യാപകമാണ്. ഉദ്യോഗസ്ഥരുടെ അഭാവമുള്ള സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ അവര്‍ ചെയ്യേണ്ട പല ജോലികളും ആധാരമെഴുത്തുകാരും അവരുടെ അസിസ്റ്റന്‍റുമാരും ചെയ്യുന്നു എന്നാണ് പരാതി.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ആധാരമെഴുത്തുകാരുടെ സഹായം കൂടാതെ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന പ്രായോഗിക വിഷമം നിലനില്‍ക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ ഉത്തരവാദിത്തം ആധാരം തയാറാക്കുന്നയാള്‍ക്കും പകര്‍ത്തിയെഴുതുന്നയാള്‍ക്കുമുണ്ട് എന്നാണ് ചട്ടം. ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാറാണ്. ആധാരത്തിലെ തെറ്റുകളുടെ ഉത്തരവാദിത്തം ഇവര്‍ക്കുമുണ്ട്. രജിസ്ട്രേഷന്‍ സമയത്ത് ഇത് പരിഹരിക്കാനും ഓഫിസില്‍ സൂക്ഷിക്കേണ്ട ശരിപ്പകര്‍പ്പുമായി ആധാരം ഒത്തുനോക്കാനും നിലവില്‍ എഴുത്തുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
മാത്രമല്ല തിരുത്തലുകള്‍ നടത്താന്‍ ആധാരമെഴുതിയ കൈപ്പട തന്നെ വേണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപ്പായാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാവുമെന്ന് രജിസ്ട്രേഷന്‍ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, അതിന് ഒരുപാട് കാലം കാത്തിരിക്കേണ്ടതുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം രജിസ്ട്രേഷന്‍ പ്രക്രിയക്ക് സഹായി നിര്‍ബന്ധമാണ്. ഈ പ്രശ്നങ്ങളെല്ലാം പൂര്‍ണമായി പരിഹരിക്കാതെ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനാ വക്താവ് അനില്‍ കുമാര്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.