Latest News

തിരുകേശവിവാദം അവഗണിക്കാന്‍ ലീഗ് തീരുമാനം

മലപ്പുറം: തിരുകേശവിവാദത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സംരക്ഷിക്കുന്ന തരത്തില്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് മുസ്ലിംലീഗ് നേതൃയോഗത്തില്‍ ഏറെനേരം ചര്‍ച്ചക്കിടയാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ ലീഗിനെതിരെ ഇ.കെ സുന്നി വിഭാഗം രൂക്ഷവിമര്‍ശമുന്നയിച്ച സാഹചര്യത്തിലാണ് ശനിയാഴ്ച ചേര്‍ന്ന നേതൃയോഗം വിഷയം ചര്‍ച്ച ചെയ്തത്.
ലീഗിനെതിരെ രംഗത്തുവന്നത് ഇ.കെ വിഭാഗത്തിലെ ന്യൂനപക്ഷമാണെന്നും അവരുടെ വാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നുമാണ് യോഗതീരുമാനം. സത്യവാങ്മൂലത്തിന്റെ പേരില്‍ ലീഗിനെതിരെ വാളോങ്ങുന്നവര്‍ സമസ്തയുടെ കൂടിയാലോചനസമിതിയംഗങ്ങള്‍ പോലുമല്ലെന്നും അതിനാല്‍ അവരെ അവഗണിക്കാനുമാണ് യോഗം തീരുമാനിച്ചത്. ഇവര്‍ പത്തുവര്‍ഷമായി ലീഗിനെ ലക്ഷ്യംവെച്ച് പ്രചാരണം നടത്തുകയാണ്. സമസ്ത നേതൃത്വവുമായി ലീഗിന് അഭേദ്യമായ ബന്ധമാണുള്ളത്. എല്ലാ മുസ്ലിം സംഘടനകളുമായും ലീഗിന് നല്ല ബന്ധമുണ്ടെങ്കിലും സമസ്തമായുമായുള്ള ബന്ധം കൂടുതല്‍ ശക്തമാണ്. അതിനാല്‍ ഒറ്റപ്പെട്ട ശബ്ദമായി ഇതിനെ കണക്കാക്കണമെന്നും യോഗം വിലയിരുത്തി.
പ്രവാചകന്റെ കേശം എന്ന പേരില്‍ വ്യാപക പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നുമായിരുന്നു സര്‍ക്കാറിന്റെ സത്യവാങ്മൂലം. ഇതിനെതിരെയാണ് സമസ്ത ഇ.കെ വിഭാഗം രംഗത്തിറങ്ങിയത്.
ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ ആഭ്യന്തരവകുപ്പിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. എന്നാല്‍, സത്യവാങ്മൂലത്തില്‍ ഭേദഗതി വരുത്തി തിരുത്തി സമര്‍പ്പിക്കാന്‍ ഇ.കെ. സുന്നി വിഭാഗം യുവനേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെങ്കിലും അവര്‍ ക്ഷണം നിരസിക്കുകയായിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ ഇനി അവരുടെ അഭിപ്രായം തേടേണ്ട എന്നാണ് യോഗതീരുമാനം. എന്നാല്‍, സത്യവാങ്മൂലം തിരുത്തിനല്‍കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയരുകയും ചെയ്തു.
(മാധ്യമം)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.