Latest News

ചിത്താരിക്ക് സമീപം റെയില്‍വേ പാളത്തിലെ മണ്ണ് നീങ്ങിയ നിലയില്‍; മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെടത് തലനാരിഴയ്ക്ക്‌

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്തി.[www.malabarflash.com]

വെളളിയാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരം– മംഗളൂരു മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനു മുന്‍പാണ് സംഭവം. തലനാരിഴയ്ക്കാണ് മലബാര്‍ എക്‌സ്പ്രസ് രക്ഷപെട്ടത്.
മെറ്റല്‍ നീങ്ങിയ സ്ഥലത്തെ കുഴിക്ക് സമീപത്ത് ട്രാക്ക്മാന്‍ സിഗ്‌നല്‍ കാണിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ട്രാക്കില്‍ പടക്കം പൊട്ടിച്ച് സിഗ്‌നല്‍ കാണിച്ചാണ് ട്രാക്ക്മാന്‍ വലിയ അപകടം ഒഴിവാക്കിയത്. 

ഇതേത്തുടര്‍ന്ന് കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ ചിത്താരിക്കു സമീപം നിര്‍ത്തിയിട്ടു.
ഒരു മീറ്ററോളം ഭാഗത്തെ മെറ്റലുകളാണ് മാറിയത്. ഇതോടെ ട്രാക്കില്‍ വലിയ കുഴി രൂപപ്പെട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് നിന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി. തകരാറു പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. 

ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍–മംഗളൂര്‍ പാസഞ്ചര്‍ ട്രെയിനും പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്ക് പൂര്‍വസ്ഥിതിയില്‍ ആക്കിയതിനുശേഷമേ ട്രെയിനുകള്‍ കടത്തിവിടൂ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.