Latest News

മുന്‍ സന്തോഷ് ട്രോഫി താരം സി കെ ബാബുരാജ് ബൈക്കപകടത്തില്‍ മരിച്ചു

കണ്ണൂര്‍ : പ്രശസ്ത ഫുട്‌ബോള്‍ താരം സി കെ ബാബുരാജ് (47) ബൈക്കപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 11മണിയോടെ പയ്യന്നൂര്‍ അന്നൂര്‍ റോഡില്‍ സത്യന്‍ ആര്‍ട്‌സ് ക്ലബിന് സമീപം ബാബു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണായിരുന്നു അന്ത്യം. രാത്രി ടൗണില്‍ നിന്നും അന്നൂരിലെ വീട്ടിലേക്ക് മടങ്ങവെ ബൈക്കിന് പിറകില്‍ അതിവേഗത്തില്‍ വന്ന അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചതാണെന്ന് പറയുന്നു. റോഡരികില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ബാബുവിനെയാണ് അതുവഴി വന്നവര്‍ കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പയ്യന്നൂരിലെ ഫുട്‌ബോള്‍ കളങ്ങളില്‍ നിറഞ്ഞാടിയ ബാബു എട്ടാം വയസ് മുതല്‍ കാല്‍പന്തുമായി കളത്തിലിറങ്ങിയതാണ്. സന്തോഷ്‌ട്രോഫി കേരള ടീമിന് വേണ്ടി കളിച്ചു ഗാലറിയുടെ ഹരമായി മാറിയ ബാബുവിന്റെ തുടക്കം പയ്യന്നൂര്‍ ബ്ലൂസ്റ്റാര്‍ ക്ലബിലൂടെയും കണ്ണൂര്‍ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബിലൂടെയുമായിരുന്നു. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ചാമ്പ്യനായിരുന്ന ബാബു വിദേശകളിക്കളങ്ങളിലും തന്റെ മികവ് തെളിയിച്ചിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കെ എസ് ഇ ബിയില്‍ ജോലി ലഭിച്ചതോടെ കെ എസ് ഇ ബി കളിക്കാരനായിമാറി. ഇതിനിടെ റിസര്‍വ് ബാങ്ക്് വിളിച്ചുവെങ്കിലും ഏറെ സ്‌നേഹിച്ച കെ എസ് ഇ ബി വിട്ടുപോയില്ല. ഇപ്പോള്‍ വെള്ളൂര്‍ സെക്ഷന്‍ ഓഫീസില്‍ കാഷ്യറായി ജോലിചെയ്യുകയാണ്. പരേതനായ ശേഖരപൊതുവാളിന്റെയും ചിരിയക്കുഞ്ഞി അമ്മയുടെയും മകനാണ്. ഹരീന്ദ്രന്‍, പരേതനായ വിനോദ് എന്നിവരാണ് സഹോദരങ്ങള്‍. അവിവാഹിതനാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.