Latest News

രാഷ്ട്രീയ ഗോദയില്‍ പയറ്റിത്തെളിഞ്ഞവര്‍ ക്രിക്കറ്റ് മൈതാനത്ത് കൗതുകം നിറച്ചു


കാസര്‍കോട്: രാഷ്ട്രീയ ഗോദയില്‍ പയറ്റിത്തെളിഞ്ഞവര്‍ ക്രിക്കറ്റ് മൈതാനത്ത് ബാറ്റും ബോളുമായി അണിനിരന്നത് കാണികളില്‍ കൗതുകം നിറച്ചു. നായന്മാര്‍മൂല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്‍.പി.എല്‍. സീസണ്‍ 3 ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലാണ് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല നയിച്ച നഗരസഭാ കൗണ്‍സിലേര്‍സ് ടീമും ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി നയിച്ച പഞ്ചായത്ത് മെമ്പേര്‍സ് ടീമും ഏറ്റുമുട്ടിയത്. മത്സരത്തിന്റെ വീറും വാശിയും ഏറ്റുപിടിച്ച് എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്നും പി.ബി. അബ്ദുല്‍റസാഖും എതിര്‍ ടീമുകളിലായി നേര്‍ക്കുനേര്‍ പോരാടിയതും ആവേശം വര്‍ധിപ്പിച്ചു.
കഴിഞ്ഞവര്‍ഷത്തെ ജേതാക്കളെന്ന മേല്‍ക്കൈയോടെ കളിക്കളത്തിലിറങ്ങിയ നഗരസഭാ ടീമിന് ഇത്തവണ പരാജയം രുചിക്കേണ്ടിവന്നു. ടോസ് നേടി ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത നഗരസഭ ചെങ്കള പഞ്ചായത്തിനെ 57ന് പിടിച്ചുകെട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. 22 പന്തുകളില്‍ ഒരു സിക്‌സറടക്കം 45 റണ്‍സെടുത്ത അഷ്‌റഫാണ് ചെങ്കളയുടെ വിജയ ശില്‍പി. അഞ്ച് റണ്‍സെടുത്ത മഹ്മൂദ് കുഞ്ഞിക്കാനത്തെ മുഷ്താഖ് റണ്‍ ഔട്ടാക്കി. സലിം ചെര്‍ക്കള 3 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നഗരസഭക്ക് ഓപ്പണര്‍മാരായ മമ്മുചാലയും മുഷ്താഖും മികച്ച തുടക്കം നല്‍കിയെങ്കിലും 14 റണ്‍സ് കൂട്ടുകെട്ടില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. ഒരു ഫോറടക്കം അഞ്ച് റണ്‍സെടുത്ത മമ്മുചാലയെ അഷ്‌റഫ് റണ്‍ ഔട്ടിലൂടെ പുറത്താക്കി. വണ്‍ ഡൌണായി വന്ന നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍റഹ്മാന്‍ ഓപ്പണര്‍ മുഷ്താഖിന് പിന്തുണ നല്‍കിയെങ്കിലും ദിവാകരന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നുവന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം കൂറ്റനടിയിലൂടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത് പ്രതീക്ഷ നല്‍കിയെങ്കിലും ദിവാകരന്റെ പന്തില്‍ സലീം ക്യാച്ചെടുത്ത് പുറത്തായി. എ. അബ്ദുല്‍റഹ്മാന്‍ രണ്ടും അബ്ബാസ് അഞ്ചും റണ്‍സെടുത്തു. ഒരറ്റത്ത് മുഷ്താഖ് നിലയുറപ്പിച്ച് പോരാടിയെങ്കിലും ജയിപ്പിക്കാനായില്ല. അവസാന ഓവര്‍ പന്തെറിഞ്ഞ പി.ബി. അബ്ദുല്‍റസാഖ് വൈഡുകളിലൂടെ ഓരോവര്‍ അധികം നല്‍കിയത്. നഗരസഭക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ മികച്ച ഫീല്‍ഡിങ്ങിലൂടെ സ്‌കോര്‍ 52ല്‍ തളച്ച് ചെങ്കള പഞ്ചായത്ത് ജേതാക്കളായപ്പോള്‍ അത് കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്കുള്ള മറുപടി കൂടിയായി.
മത്സരം ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ബാറ്റേന്തിയത് ഗ്രൗണ്ട് ആവേശത്തോടെ ഏറ്റുവാങ്ങി.
സീനിയേര്‍സും ജൂനിയേര്‍സും തമ്മില്‍ നടന്ന സൌഹൃദ മത്സരവും ശ്രദ്ധ പിടിച്ചുപറ്റി.
(ഉത്തരദേശം)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.