Latest News

മനോഹര കാഴ്ചകളൊരുക്കി 'മഴവില്ലഴകില്‍ അമ്മ'


ഷാര്‍ജ: മലയാള സിനിമയുടെ മഴവില്‍ ചൈതന്യത്തിനു മുന്നില്‍ ഗള്‍ഫിലെ മലയാളിയുടെ അഭിമാനം വെടിക്കെട്ടു തീര്‍ത്ത നിമിഷങ്ങള്‍. ആവേശം വിത്തിട്ടു മുളപ്പിച്ച ഷാര്‍ജ സ്‌റ്റേഡിയം ഏകദിന ക്രിക്കറ്റിന്റെ അതേ ആവേശത്തിലേക്കു പടര്‍ന്നു കയറിയ മണിക്കൂറുകള്‍. താരസംഘടനയായ 'അമ്മ'യും മഴവില്‍ മനോരയും ചേര്‍ന്നൊരുക്കിയ 'മഴവില്ലഴകില്‍ അമ്മ' എന്ന ഷോ എല്ലാം കൊണ്ടും ഇരമ്പിയാര്‍ക്കുകയായിരുന്നു.

നാലു മണിക്കുതന്നെ സ്‌റ്റേഡിയം നിറഞ്ഞു തുടങ്ങി. ഉത്സവത്തിനെന്നപോലെ കൂട്ടത്തോടെ കേരളം എത്തുകയായിരുന്നു. മലയാളത്തിന്റെ പാട്ടുമായി നെടുമുടി വേണു തിരശ്ശീലയിലെത്തിയതോടെയാണു ഷോയ്ക്കു തുടക്കമായത്.
വന്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍നിന്നു നെടുമുടി നേരെ വേദിയിലേക്ക് ഇറങ്ങിവന്നതോടെ ടി.കെ.രാജീവ് കുമാര്‍ എന്ന സംവിധായകന്റെ മാജിക് തുടങ്ങുകയായിരുന്നു. ഒരു സ്‌ക്രീനില്‍നിന്ന് അടുത്ത സ്‌ക്രീനിലേക്കു പകര്‍ന്ന മനോഹര കാഴ്ചകളില്‍ രാജീവ് ഒരുക്കിയ നാലര മണിക്കൂറിലെ അത്ഭുതം പ്രകടമായി.
വടക്കേത്തലയും തെക്കേത്തലയും നടത്തുന്ന ഉത്സവപ്പറമ്പായി വേദി മാറിയപ്പോഴേക്കും സ്‌റ്റേഡിയം ഇളകി മറിഞ്ഞു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നേതൃത്വത്തില്‍ അറുപതോളം താരങ്ങള്‍ വേദിയിലേക്കു വന്നതോടെ ആയിര ക്കണക്കിനു കൈകള്‍ സ്‌റ്റേഡിയത്തില്‍ അലയായി ഇളകി മറിഞ്ഞു.

അമ്മയുടെ മഴവില്‍ അതോടെ മാനത്തു നിറ വിരിഞ്ഞു. കൊടിയേറ്റത്തിനു ജയറാം മേളം നയിക്കുമ്പോള്‍ സ്‌ക്രീനില്‍ വലിയമേളത്തിന്റെ ദൃശ്യവിരുന്നു നിറഞ്ഞതോടെ സ്‌റ്റേഡിയം മുഴുവന്‍ ഉത്സവപ്പറമ്പായി.വടക്കന്‍

പാട്ടിന്റെ ഭംഗിയോടെയാണു നൃത്തപരമ്പര തുടങ്ങിയത്.റീമ കല്ലിങ്കലും വിനീതും രമ്യ നമ്പീശനും ലക്ഷ്മി ഗോപാലസ്വാമിയും കൃഷ്ണപ്രിയയും വാളും പരിചയുമായി വടക്കന്‍ പാട്ടു വേദിയില്‍ നിറച്ചു. കാവ്യമാധവനും വിനീതും രംഗത്തെത്തിയതു യുവജനോത്സവം സമ്മാനിച്ച രണ്ടു പ്രതിഭകളുടെ അരങ്ങുവാഴല്‍ കൂടിയായി. ഇന്ത്യന്‍ സിനിമയുടെ ശാസ്ത്രീയ നൃത്തത്തിനു നല്‍കിയ സമര്‍പ്പണമായിരുന്നു ഇത്.

ഹിന്ദി, തമിഴ്, മലയാള ഗാനങ്ങള്‍ക്കു ചുവടുവച്ച മോഹന്‍ലാല്‍ അരങ്ങിനെ വീണ്ടും സ്വന്തമാക്കി. മമ്മൂട്ടി വടക്കേത്തലയ്ക്കുവേണ്ടി നയിച്ച അന്താക്ഷരി ചിരിയുടെ അരങ്ങേറ്റമായിരുന്നു. ആടിയും പാടിയും താരങ്ങള്‍ അന്താക്ഷരിയില്‍ നിറഞ്ഞതോടെ മത്സരം സ്‌റ്റേഡിയത്തിലേക്കും പടര്‍ന്നു.

മറ്റൊരു ഷോയിലും കാണികള്‍ ഇതുപോല താരങ്ങള്‍ക്കുവേണ്ടി രണ്ടായി തിരിഞ്ഞു മല്‍സരിച്ചു കാണില്ല. പലപ്പോഴും താരങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ പോലുമാകാ ത്തവിധം ആരവമുയരുകയായിരുന്നു.
ദിലീപ് എന്ന നടന്റെ വേഷവൈവിധ്യത്തിനും ഷാര്‍ജ അരങ്ങായി. സിനിമയില്‍ കാണിച്ച അത്ഭുതം ദിലീപ് വേദിയില്‍ അതേ ഭംഗിയില്‍ അവതരിപ്പിച്ചപ്പോള്‍ ചിരിയുടെ അലകള്‍ ഇളകി മറിഞ്ഞു. ജയറാം, ബിജു മേനോന്‍, ലാല്‍ തുടങ്ങിയവരും കാത്തുവച്ചതു വെടിക്കെട്ടുകള്‍തന്നെ.

പൃഥ്വിരാജും ഇന്ദ്രജിത്തും അച്ഛന്‍ സുകുമാരന്റെ ഗാനവുമായി എത്തിയപ്പോള്‍ ആ ഗാനം സിനിമയില്‍ പാടി അഭിനയിച്ച മമ്മൂട്ടിയും വേദിയിലെത്തിയത് അപൂര്‍വ അനുഭവമായി.
ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഭാമ, ഭാവന ,മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഇടവേള ബാബു, അനന്യ, മണിക്കുട്ടന്‍, മൈഥിലി, ബാബു രാജ്, ആസിഫ് അലി, നരേന്‍, സായ് കുമാര്‍, ദേവന്‍, കലാഭവന്‍ മണി, നസീര്‍,ട ിനി ടോം അങ്ങനെ നീളുന്ന നിരയിലെ ഓരോരുത്തരും അമ്മയുടെ വേദിയില്‍ മറക്കാനാകാത്ത വേഷമണിഞ്ഞു.

അമ്മ ആദ്യമായി വിദേശത്ത് അവതരിപ്പിച്ച ഷോ ഓരോ നിമിഷവും അരങ്ങില്‍ ജീവിക്കുകയായിരുന്നു. തിരശ്ശീലയില്‍നിന്നു താരങ്ങള്‍ ഇറങ്ങി വേദിയിലും മനസ്സിലും പൂത്തുലഞ്ഞ നിമിഷങ്ങള്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.