Latest News

24 മണിക്കൂറിന്റെ ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് കുടിവെളളം എത്തിക്കണം- മുഖ്യമന്ത്രി

  

കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ 24 മണിക്കൂറിന്റെ ഷോര്‍ട്ട് ടെണ്ടര്‍ ക്ഷണിച്ച് ടാങ്കറുകളില്‍ കുടിവെളളം എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. വരള്‍ച്ചാ പരിഹാര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുണനിലവാരമുളള ശുദ്ധമായ വെളളം വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള സ്രോതസ്സുകളില്‍ നിന്നായിരിക്കണം വെളളമെടുത്ത് വിതരണം ചെയ്യേണ്ടത്. അല്ലെങ്കില്‍ വിതരണം ചെയ്യുന്ന വെളളം ശുദ്ധമാണെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യണം.

കുടിവെളള വിതരണത്തിന് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുളള പെര്‍മിസ്സീവ് സെലക്ഷന്‍ മെയ് 30-ാം തീയതി വരെ നീട്ടിയതായും കുടിവെളള വിതരണത്തിന് പഞ്ചായത്തുകള്‍ ഫണ്ട് ചെലവഴിക്കാനുളള തടസ്സങ്ങള്‍ നീക്കി ഉത്തരവായതായി അദ്ദേഹം അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കായി ജില്ലാകളക്ടര്‍ക്ക് അഞ്ച് ലക്ഷം രൂപ ചെലവഴിക്കാനുളള അധികാരം ഇരുപത് ലക്ഷം രൂപയായി ഉയര്‍ത്തി അധികാരം നല്‍കിയിട്ടുണ്ട്. ഓണ്‍ഫണ്ട് ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് പത്ത് ലക്ഷം രൂപാ വരെയും പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാനുളള അനുവാദവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ടാങ്കുകള്‍, വണ്ടികള്‍ ലഭ്യമാക്കാന്‍ ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് കുടിവെളളം എത്തിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെളള പമ്പിംഗ് സ്റ്റേഷനുകളിലെല്ലാം ലോഡ് ഷെഡിംഗ് ഒരേ സമയത്താക്കും. വാട്ടര്‍ അതോറിറ്റിക്ക് കുടിശ്ശിക ഉണ്ടെങ്കിലും പുതിയ കുടിവെളള പദ്ധതികള്‍ക്കുളള തുക അടച്ചാല്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുടിവെളള വിതരണത്തിന് തടസ്സം നില്‍ക്കുന്ന നിയമങ്ങള്‍ക്കെല്ലാം ആവശ്യമായ ഇളവുകള്‍ നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്.

നിലവിലുളള കുടിവെളള സ്രോതസ്സ് വിപുലപ്പെടുത്താന്‍ കൈപമ്പ് കണക്ഷന്‍ നീട്ടല്‍,റിപ്പയര്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തികളും അടിയന്തിരമായി ചെയ്ത് പരമാവധി പേര്‍ക്ക് വെളളം എത്തിക്കണം. കുടിവെളള വിതരണം മെച്ചപ്പെടുത്താനുളള പദ്ധതികള്‍ മഴക്കാലം വന്നാല്‍ നിര്‍ത്തിവെക്കരുതെന്നും വാട്ടര്‍ അതോറിറ്റിയുടെ എല്ലാ പദ്ധതികളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കുടിവെളള വിതരണം ആവശ്യപ്പെട്ടിട്ടുളള രണ്ട് മുനിസിപ്പാലിറ്റികളിലും പതിനാല് ഗ്രാമപഞ്ചായത്തുകളിലും അടുത്ത ദിവസം തന്നെ വെളളം ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു. ചെക്ക് ഡാമുകളുടെ നിര്‍മ്മാണം, കുളങ്ങള്‍,ജലാശയങ്ങളുടെ പുനരുദ്ധാരണം പാറമടകള്‍ തുടങ്ങിയ ജലാശയങ്ങളുടെ സംരക്ഷണം വീടുകളില്‍ മഴവെളള സംഭരണി, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കണം. കുഴല്‍കിണറുകളുടെ റിപ്പയറിന് കൂടുതല്‍ തുക അനുവദിക്കും.
ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 45 പദ്ധതികളില്‍ 80 കിലോമീറ്റര്‍ പൈപ്പുകള്‍ നീട്ടാന്‍ 360 ലക്ഷം രൂപയുടെ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മൂന്നാഴ്ചക്കകം പൂര്‍ത്തീകരിക്കും. 26000 പേര്‍ക്ക് കുടിവെളളം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇവ. മഞ്ചേശ്വരം ബ്ലോക്കിലെ മൂന്നു പദ്ധതികള്‍ക്കും ആവശ്യമായ തുക അടുത്ത വര്‍ഷംതന്നെ അനുവദിക്കും.

ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്,കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍,പി.കരുണാകരന്‍ എം.പി, എന്‍എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാകളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.