Latest News

ടി പി ചന്ദ്രശേഖരന്റെ സ്മരണയില്‍ ഒഞ്ചിയം രക്തവര്‍ണമായി


വടകര: കാലം സാക്ഷി ചരിത്രം സാക്ഷി, രണാങ്കണത്തിലെ രക്തം സാക്ഷി, കാലത്തിന്റെ ചരിത്രത്തിന്റെ പോര്‍മുന പൊട്ടിപ്പോകുന്നില്ല, പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല... ഒരു വര്‍ഷം മുമ്പു രക്തക്കൊതിയന്‍മാര്‍ വെട്ടിയെറിഞ്ഞ പ്രിയസഖാവിന്റെ ഓര്‍മകളിലേക്ക് ചെങ്കൊടികളേന്തി അണികളൊഴുകിയെത്തി. വിപ്ലവത്തിന്റെ ചെഞ്ചൂടു മാറാത്ത ഒഞ്ചിയത്തിന്റെ മണ്ണില്‍ സഖാവ് ടിപി ചന്ദ്രശേഖരന്റെ ഓര്‍മകള്‍ ആകാശം കേള്‍ക്കുമുച്ചത്തില്‍ മുദ്രാവാക്യങ്ങളായി ഉയര്‍ന്നു.

ആയിരക്കണക്കിന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) പ്രവര്‍ത്തകരാണ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ വാര്‍ഷിക ദിനമായ ശനിയാഴ്ച ഒഞ്ചിയത്തേക്കെത്തിയത്. വൈകിട്ടു നടക്കുന്ന ചടങ്ങില്‍ ആര്‍എംപിയുടെ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. ഒഞ്ചിയം ഏരിയാ കമ്മിറ്റിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രവര്‍ത്തനം ഇനി സംസ്ഥാനവ്യാപകമാക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

വെള്ളിക്കുളങ്ങരയിലെ ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് വെളളിയാഴ്ച ആയിരക്കണക്കിന് ആര്‍ എം പി പ്രവര്‍ത്തകരും അനുകൂലികളുമാണ് എത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി ജാഥകളായാണ് പ്രവര്‍ത്തര്‍ എത്തിയത്. ചെങ്കൊടികളേന്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ സംഘം രക്തസാക്ഷി മരിക്കുന്നില്ല എന്നുറക്കെ വിളിച്ചു പറഞ്ഞു.

ഒഴുകിയെത്തിയ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളില്‍ ടി.പി. ചന്ദ്രശേഖരന്‍ എന്ന രക്തസാക്ഷി ജീവിക്കുകയായിരുന്നു. വള്ളിക്കാട്ട് ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ സ്ഥലത്തു നിന്ന് ദീപശിഖ കൊളുത്തിയതോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദീപശിഖ പ്രയാണം വെള്ളികുളങ്ങരയിലെ ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടുമുറ്റത്ത് ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ചിടത്ത് സ്ഥാപിച്ച സ്മൃതി കുടീരത്തിലെ ദീപശിഖയിലേക്ക് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തിരികൊളുത്തി. ഇവിടെ ടിപിയുടെ അര്‍ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

ഏറാമല പഞ്ചായത്തിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മുമായി അഭിപ്രായ ഭിന്നതയിലായിരുന്ന ടി പി ചന്ദ്രശേഖരനും സംഘവും പാര്‍ട്ടി വിട്ട് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ഒഞ്ചിയം ആസ്ഥാനമായി പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം. പാര്‍ട്ടിയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പിന്നീട് പാര്‍ട്ടിയിലെ രണ്ടാമനായിരുന്ന എന്‍ വേണു ഏരിയാ സെക്രട്ടറിയായി. കോഴിക്കോട് ജില്ലയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നല്ല പിന്തുണയുണ്ടായിട്ടും ഒഞ്ചിയത്തിനു പുറത്തേക്കു പ്രവര്‍ത്തനം വേണ്ടെന്ന നിലപാടായിരുന്നു പാര്‍ട്ടിക്ക്. സിപിഎമ്മിനുള്ളില്‍ നിന്നും മുമ്പു സിപിഎം വിട്ടവരില്‍നിന്നും ആര്‍എംപിക്കു ശക്തമായ പിന്തുണയാണു ലഭിച്ചിരുന്നത്.

ടി പി ചന്ദ്രശേഖരന്റെ ആദര്‍ശങ്ങളോടും അഭിപ്രായങ്ങളോടും സമാനമായി ചിന്തിക്കുന്ന നിരവധി ഇടതു സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഇതുവരെ ഏകോപിപ്പിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഇവരെക്കൂടി ഒറ്റ പ്ലാറ്റ്‌ഫോമിലേക്കു കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആര്‍ എം പിയുടെ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപനം. സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ചതിനു പിന്നാലെ ജില്ലാ കമ്മിറ്റികളും കേരളത്തിലെ ചിലയിടങ്ങളില്‍ ഏരിയാ കമ്മിറ്റികളും പ്രഖ്യാപിക്കും. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ഘട്ടങ്ങളില്‍ സി പി എമ്മിനു സമാനമായി എല്ലാ ഏരിയകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ആര്‍എംപി ലക്ഷ്യമിടുന്നത്.

ടി പി അനുസ്മരണത്തിന്റെ ഭാഗമായി വെളളിയാഴ്ച കോഴിക്കോട് മുതലക്കുളത്തു നടന്ന ദേശീയ സെമിനാറില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുകൂലമായ നിലപാടെടുക്കുന്ന സംഘങ്ങളെ പങ്കെടുപ്പിക്കാന്‍ ആര്‍ എം പിക്കു കഴിഞ്ഞിരുന്നു. പഞ്ചാബ് സിപിഎമ്മിലെ മങ്കട് റാം പസ്ല അടക്കമുള്ള നേതാക്കള്‍ പരിപാടിക്കെത്തിയതു വന്‍ വിജയമായാണ് ആര്‍ എം പിയുടെ വിലയിരുത്തല്‍. സെമിനാറില്‍ സി പി എമ്മിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചും സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കാനം രാജേന്ദ്രനും പങ്കെടുത്തിരുന്നു.

ടി പി ചന്ദ്രശേഖരന്‍ അനുസമരണ ദിനത്തോടനുബന്ധിച്ച് വടകര, ഒഞ്ചിയം, നാദാപുരം മേഖലകള്‍ കനത്ത പോലീസ് വലയത്തിലാണ്. ടിപിയുടെ മരണശേഷം മേഖലയില്‍ പോലീസ് സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതു കൂടാതെ ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു സായുധക്യാമ്പില്‍ നിന്ന് 250 പോലീസുകാരെ ഒഞ്ചിയത്തു മാത്രം അധികം വിന്യസിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, TP Chandrashekaran

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.