Latest News

രുചിയും ചിരിയും വിളമ്പി ദിലീപിന്റെ പുട്ടുകട തുറന്നു

കൊച്ചി: വ്യത്യസ്ത പുട്ടുകളുടെ രുചിയും വിളമ്പാനും കഴിക്കാനുമായെത്തിയ താരങ്ങളുടെ ചിരിയും ചേര്‍ന്നു പുട്ടുകടയുടെ ഉദ്ഘാടനം വേറിട്ടതായി. സിനിമയിലെയും രാഷ്ട്രീയത്തിലെയും ഒരുകൂട്ടം താരങ്ങള്‍ കൊച്ചിയിലെ ആദ്യ എക്‌സ്‌ക്ലൂസിവ് പുട്ടുകടയുടെ ഉദ്ഘാടനത്തില്‍ പുട്ടുകഴിക്കാനെത്തി.

നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളി ദേശീയപാത ബൈപാസില്‍ ഒബ്‌റോണ്‍ മാളിനു സമീപം തുറന്ന 'ദേ പുട്ട്' എന്ന പുട്ടുകടയുടെ ഉദ്ഘാടനമാണ് പ്രമുഖരുടെ സാന്നിധ്യവും പുട്ടുവിളമ്പലും കൊണ്ടു വ്യത്യസ്തമായത്. ദിലീപിനൊപ്പം സുഹൃത്തുക്കളായ നാദിര്‍ഷാ, ശ്രീകാന്ത് ഭാസി, നദീര്‍, കെ.കെ. ചന്ദ്രശേഖര്‍ എന്നിവര്‍ ചേര്‍ന്നാണു പുട്ടുകട ആരംഭിച്ചത്. ദിലീപിന്റെയും നാദിര്‍ഷായുടെയും ശ്രീകാന്ത് ഭാസിയുടെയും നദീറിന്റെയും അമ്മമാരായ സരോജ, സുഹ്‌റ, അല്ലി, സുലേഖ എന്നിവര്‍ക്കൊപ്പം നടി കെപിഎസി ലളിതയും ചേര്‍ന്നു തിരി തെളിച്ചായിരുന്നു പുട്ടുകടയുടെ ഉദ്ഘാടനം.

മന്ത്രി കെ. ബാബു, കെ.പി. ധനപാലന്‍ എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, സംവിധായകരായ സിബി മലയില്‍, ജോഷി, കമല്‍, മേജര്‍ രവി, നടന്മാരായ ജനാര്‍ദ്ദനന്‍, ജയസൂര്യ, ആസിഫ് അലി, പൊന്നമ്മ ബാബു തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിനെത്തി.

ദിലീപും നാദിര്‍ഷായും ചേര്‍ന്നാണു മന്ത്രിക്കും മറ്റുള്ളവര്‍ക്കും വിവിധ തരത്തിലുള്ള പുട്ടു വിളമ്പിയത്. മന്ത്രിക്ക് അരിപ്പുട്ട് പ്രിയങ്കരമായപ്പോള്‍ കെ.പി. ധനപാലന്‍ എംപിയെ ചിരട്ടപ്പുട്ടിന്റെ രുചിയാണു കീഴടക്കിയത്. പുട്ടിനൊപ്പം തമാശകളും ആവോളം വിളമ്പിയതോടെ ചടങ്ങിനെത്തിയവരുടെ വയറും മനസും നിറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.