Latest News

ഇശലുകള്‍ പെയ്തിറങ്ങി; കുളിര്‍മഴയേറ്റ വേഴാമ്പലായി ജസീല

താമരശ്ശേരി: ‘അയ്യൂബ് നബി കരഞ്ഞു... അല്ലാഹ് വിളി കേള്‍ക്കൂ... നീറുന്നു തമ്പുരാനേ... നോവുന്നു തമ്പുരാനേ...’
സംഗീത സംവിധായകന്‍ കെ.വി. അബൂട്ടി മുന്നിലിരുന്ന് പാടിയപ്പോള്‍ വര്‍ഷങ്ങളായി രോഗം തളര്‍ത്തിയ ജസീലയുടെ മനസ്സും ശരീരവും കുളിര്‍മഴയേറ്റ വേഴാമ്പലിനെപ്പോലെ ഉണര്‍ന്നു. 

മലോറം അമ്പലപ്പടി കവുങ്ങില്‍ മൊയ്തീന്‍കുഞ്ഞിയുടെ മകളായ ജസീല (24) ഇരുവൃക്കകളും തകരാറിലായി രോഗശയ്യയിലാണ് വര്‍ഷങ്ങളായി. കുട്ടിക്കാലത്തേ സംഗീതം ഹൃദയത്തിലിട്ട് ആരാധിച്ച ജസീലയുടെ വലിയ ആഗ്രഹമായിരുന്നു സംഗീത സംവിധായകനും ഗായകനുമായ കെ.വി. അബൂട്ടിയുടെ ഗാനങ്ങള്‍ നേരിട്ട് കേള്‍ക്കുകയെന്നത്. ഈ ആഗ്രഹം കേട്ടറിഞ്ഞ അബൂട്ടി ഒട്ടും വൈകാതെ ജസീലയെത്തേടി വീട്ടിലെത്തുകയായിരുന്നു.
ശരീരത്തിന്‍െറ പിന്‍ഭാഗത്ത് തലയോളം വലുപ്പമുള്ള ട്യൂമറുമായായിരുന്നു ജസീലയുടെ ജനനം. ഏഴാം മാസം ട്യൂമര്‍ നീക്കം ചെയ്തെങ്കിലും മൂത്രാശയം തകരാറിലായതോടെ ട്യൂബിലൂടെ വേണ്ടിവന്നു മൂത്ര വിസര്‍ജനം. എന്നിരുന്നാലും മിടുക്കിയായ ജസീല എസ്.എസ്.എല്‍.സി വരെ പഠിച്ചു. അപ്പോഴേക്കും ഇരുവൃക്കകളും തകരാറിലായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സക്കുശേഷം വിവിധ സ്വകാര്യ ആശുപത്രികളില്‍ നാലു വര്‍ഷത്തോളം ചികിത്സിച്ചു.
പൊടുന്നനെ ഞരമ്പുകള്‍ ദുര്‍ബലമായതോടെ ആശുപത്രിയിലെ ഡയാലിസിസ് അസാധ്യമായി. കഴിഞ്ഞ നാലു വര്‍ഷമായി വീട്ടില്‍ത്തന്നെ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്താണ് ജസീല ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ദിവസത്തില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. ഇതിന്‍െറ പ്രതിദിന ചെലവ് 800 രൂപയിലധികമാകും. മറ്റ് മരുന്നുകള്‍ക്ക് വേറെയും തുക വേണം. പത്തു വര്‍ഷമായി റിയാദില്‍ ഹോട്ടലില്‍ കുക്കായി ജോലി ചെയ്യുകയാണ് പിതാവ് മൊയ്തീന്‍കുഞ്ഞി. റിയാദിലെ നല്ലവരായ സുഹൃത്തുക്കളുടെ സഹായമാണ് ജസീലയുടെ ചികിത്സക്ക് സഹായകമാകുന്നത്.
15 സെന്‍റ് സ്ഥലവും വീടും മാത്രമുള്ള കുടുംബം ഇപ്പോള്‍ത്തന്നെ എട്ടുലക്ഷം രൂപ കടത്തിലാണ്. സര്‍ക്കാറില്‍നിന്നോ മറ്റ് സംഘടനകളില്‍നിന്നോ കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയ മൊയ്തീന്‍കുഞ്ഞിക്ക് സൗദിയിലെ പുതിയ സംഭവവികാസങ്ങള്‍ മൂലം തിരിച്ചുപോകാന്‍ പറ്റുമോ എന്ന ആശങ്കയിലാണ്. എങ്കിലും ജീവിതാരംഭം മുതല്‍ യാതനകള്‍ മാത്രം പേറേണ്ടിവന്ന തന്‍െറ മകള്‍ക്കു വേണ്ടി ഏതറ്റം വരെ പോകാനും മൊയ്തീന്‍കുഞ്ഞിയും ഭാര്യ റംലയും തയാറാണ്.
‘അന്നു നിന്‍െറ നുണക്കുഴി തെളിഞ്ഞിട്ടില്ല...’, ‘അനുരാഗ ഗാനം പോലെ...’ തുടങ്ങിയ ഗാനങ്ങളും ജസീലയുടെ ആവശ്യാര്‍ഥം അബൂട്ടി ആലപിച്ചു. കാലങ്ങളായി രോഗശയ്യയില്‍ വേദനകള്‍ മാത്രം ഏറ്റുവാങ്ങിക്കഴിയുന്ന ജസീലക്ക് പുതുജീവന്‍തന്നെ നല്‍കുന്നതായിരുന്നു ഈ സംഗീത സംഗമം.
(Madhyamam)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.