Latest News

യുവാവ് കിണറ്റില്‍ വീണു മരിച്ച സംഭവം: വ്യാപക പ്രതിഷേധം

കാഞ്ഞങ്ങാട്: പാണത്തൂരില്‍ പോലീസ് വിരട്ടി ഓടിക്കുന്നതിനിടെ യുവാവ് കിണററില്‍ വീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സുഹൃത്തുക്കളോടൊപ്പം വിവാഹ വീട്ടില്‍ പോയി വരുമ്പോള്‍ രാജപുരം പോലീസ് വിരട്ടിയോടിച്ച പാണത്തൂര്‍ പേഴത്ത്മൂട്ടില്‍ കുഞ്ഞൂഞ്ഞിന്റെ മകന്‍ സെബാസ്റ്റ്യന്‍ (25) യാണ് ഞായറാഴ്ച പാണത്തൂര്‍ പട്ടുവത്തെ ആള്‍മറയില്ലാത്ത കിണററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദിയായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം: എംഎല്‍എ
കാഞ്ഞങ്ങാട്: പൊലീസ് വിരട്ടിയോടിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നു ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ദുരൂഹതയുണെ്ടന്നാണു നാട്ടുകാരുടെ ആരോപണം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയുടെ നിജസ്ഥിതി അന്വേഷിക്കണം. മരിച്ച യുവാവിന്റെ വീട്ടുകാര്‍ക്കു സര്‍ക്കാര്‍ അര്‍ഹമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഡിവൈഎഫ്ഐ
കാസര്‍കോട്: പാണത്തൂരില്‍ പൊലീസ് അടിച്ചോടിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസ് തന്നെ ഇവിടെ ക്രമസമാധാനം തകര്‍ക്കുകയാണ്.

യുഡിഎഫ് ഭരണത്തില്‍ പൊലീസ് സേനക്ക് വന്ന അപചയത്തിന്റെ ഭാഗമാണ് പാണത്തൂരിലെ കൊലപാതകം. ഭരണത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന നിലയിലാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. അഴിമതിയില്‍ മുങ്ങിയ പൊലീസ് നാടിന്റെ സൈ്വര്യജീവിതത്തിന് തന്നെ ഭീഷണിയായി. 

പാണത്തൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വില്ലേജ് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ജില്ലാപ്രസിഡന്റ് കെ രാജ്മോഹനും സെക്രട്ടറി കെ മണികണ്ഠനും പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം: സിപിഐ എം
പാണത്തൂരില്‍ പൊലീസ് അടിച്ചോടിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ വിവാഹവീട്ടില്‍ പോയി സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് ജീപ്പിലെത്തിയ പൊലീസ് സെബാസ്റ്റ്യനെയും സുഹൃത്തുക്കളെയും അടിച്ചോടിച്ചത്. സംഘര്‍ഷമൊന്നുമില്ലാത്ത പ്രദേശത്ത് അസമയത്ത് ആളുകളെ കണ്ടാല്‍ അടിച്ചോടിക്കേണ്ട കാര്യമില്ല. അടി ഭയന്നാണ് സെബാസ്റ്റ്യന്‍ ഓടിയത്. 

കള്ളന്മാരാണെന്ന് പറഞ്ഞാണ് പൊലീസ് അടിച്ചത്. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ കസ്റ്റഡിയിലെടുക്കേണ്ടതിന് പകരം ഓടിച്ചുവിടുന്നത് ഏതുതരം ക്രമസമാധാന പാലനമാണ്. നിരപരാധിയായ യുവാവിന്റെ മരണത്തിന് ഇടയാക്കിയ പൊലീസ് നടപടി പൊറുക്കാനാവാത്ത നടപടിയാണ്. ഇത്തരം ഉദ്യോഗസ്ഥരെ സേനയില്‍ നിലനിര്‍ത്താന്‍ പാടില്ല. 

യുഡിഎഫ് ഭരണത്തില്‍ പൊലീസിനെ കയറൂരി വിട്ടതിന് തെളിവാണ് സംഭവം. എത്രയും പെട്ടെന്ന് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പനത്തടി ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. കൊടും ക്രിമിനലിനോട് പെരുമാറുന്ന രീതിയിലാണ് ഇവരോട് പൊലീസ് പെരുമാറിയത്. പൊലീസ് മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുമ്പോഴാണ് കിണറ്റില്‍ വീണത്. ഇതിന്റെ ഉത്തരവാദി രാജപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അഷറഫും കൂടെയുണ്ടായ പൊലീസുകാരുമാണ്. ഇവരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം. പൊലീസിന്റെ നരനായാട്ടില്‍ മരിച്ച സെബാസ്റ്റ്യന്റെ കുടുംബത്തിന് അടിയന്തര സഹായം സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് ഏരിയാസെക്രട്ടറി എം വി കൃഷ്ണന്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.