Latest News

അറ്റുപോയ കണ്ണികള്‍ തേടി അരനൂറ്റാണ്ടിന് ശേഷം നഫീസയെത്തി; ഖദീജയും


തൃക്കരിപ്പൂര്‍: പിതാവിന്റെ നാട്ടിലെത്തി കൂടപ്പിറപ്പിന്റെ കുടുംബം കാണാന്‍ അരനൂറ്റാണ്ടിന് ശേഷം അവസരം ലഭിച്ചപ്പോള്‍ നഫീസ ഹൃദ്രോഗത്തിന് ചികിത്സയില്‍ കഴിയുകയാണെന്ന കാര്യം മറന്ന് ഉഷാറായി. ഇന്തോനേഷ്യയിലെ സുലവേസി സെന്‍ട്രല്‍ പ്രവിശ്യയിലെ പാലുവില്‍ നിന്ന് നാലുദിവസത്തെ യാത്രക്ക് ശേഷമാണ് അവരും സഹോദരി ഖദീജയും ബന്ധുക്കളും സഹോദരി ആസ്യുമ്മയുടെ വീട്ടിലെത്തിയിരിക്കുന്നത്. 

ഇന്ത്യയിലെത്തി ഒരു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഇളയ സഹോദരി ആസ്യുമ്മയുടെ ഓര്‍മ്മകള്‍ നിറഞ്ഞ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ വീട്ടില്‍ മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം സ്‌നേഹ വാല്‍സല്യങ്ങളുടെ നടുവില്‍ വിശ്രമിക്കുമ്പോള്‍ അവരുടെ സംതൃപ്തിയും ജീവിതാഭിലാഷവും ആ കണ്ണുകള്‍ സജലമാക്കുന്നു. രക്തബന്ധങ്ങളുടെ അലംഘനീയമായ ഇഴയടുപ്പം അവര്‍ അനുഭവിച്ചറിയുകയാണ്.രോഗിയായ തനിക്ക് ഇനിയൊരുവേള അവസരം ലഭിച്ചില്ലെങ്കിലോ എന്ന ചിന്തയിലാണ് ഡോക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് മലയാളത്തിലേക്ക് തിരിച്ചത്. 

അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷന്‍ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ പിതാവ് കുറിയ അബ്ദുല്ലഹാജിക്ക് ഇന്തോനേഷ്യയിലെ ഹവാഇസയില്‍ ഉണ്ടായത് നാലുമക്കള്‍. നഫീസ,.കുറിയ അബ്ദുല്‍ ഖാദര്‍, ഖദീജ, ആസിയ. അദ്ദേഹം മക്കളെയും ബന്ധുവായ മറിയത്തെയും കൂട്ടി ഒരു തവണ കേരളത്തില്‍ വന്നിരുന്നു. ചെറിയ പ്രായത്തില്‍ കേരളത്തില്‍ എത്തിയ നഫീസയും ഖദീജയും പിതാവിന്റെ കൂടെ തിരികെ പോയി. മറിയവും ആസിയ, അബ്ദുല്‍ ഖാദര്‍ എന്നിവരും നാട്ടില്‍ തന്നെ തങ്ങി.

മറിയത്തിന്റെ മരണത്തോടെ പാലുവുമായുള്ള ബന്ധം മുറിഞ്ഞു. പിന്നീട് അന്‍പത് വര്‍ഷത്തിനിടയില്‍ ആസിയയും അബ്ദുല്‍ ഖാദറും ഓര്‍മയായി. കണ്ണൂര്‍ മാട്ടൂല്‍ നോര്‍ത്തിലെ വ്യവസായി ചീലന്‍ മഹമൂദ് ആണ് കുടുംബത്തിന്റെ സമാഗമത്തിന് നിമിത്തമായത്. അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ അബ്ബാസ് ഹാജിയാണ് കേരളത്തില്‍ കണ്ണൂരിനടുത്ത് കൈക്കോ എന്ന സ്ഥലത്തുള്ള അബ്ദുല്ലഹാജിയുടെ വേരുകള്‍ തേടിയത് .

മഹമൂദ് തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ തന്റെ പരിചയക്കാരായ സയീദ്, ഹാരിസ്, അസീസ് എന്നിവരിലൂടെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. ആസ്യുമ്മയുടെ മരുമകന്‍ ദുബൈയിലുള്ള പടന്നകടപ്പുറം സ്വദേശി മാടാപ്രം അബ്ദുറഹിമാനും മകന്‍ ജൌഹറും പിന്നീട് പാലുവിലുള്ള കുടുംബവുമായി ഓണ്‍ലൈനില്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ജൗഹര്‍ കുടുംബ വഴിയുടെ ചാര്‍ട്ട് തന്നെ തയാറാക്കി പാലുവിലേക്ക് അയച്ചു. ഉപ്പാപ്പയുടെ പഴയ ഒരു ചിത്രം കൈക്കൊട്ടുകടവിലും പാലുവിലും കേടുകൂടാതെ ഉണ്ടായിരുന്നു. അവയും പരസ്പരം കാണിച്ചു.

പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ബന്ധം സുദൃഢമായി. പാലുവില്‍ നിന്നെത്തിയ ഒന്‍പതുപേര്‍ക്കൊപ്പം ദുബൈയില്‍ നിന്ന് അബ്ദുറഹിമാനും കുടുംബസമേതം എത്തിയതോടെ ആസ്യുമ്മാ മന്‍സിലില്‍ ശവ്വാലമ്പിളി തെളിഞ്ഞ പ്രതീതിയാണ്.

പാലുവില്‍ നിന്ന് ജകാര്‍ത്ത കൊളംബോ ബെങ്കലൂരു എന്നിവിടങ്ങളിലേക്ക് നാലുവിമാനങ്ങളില്‍ മാറിമാറി യാത്ര ചെയ്ത് അവിടെ നിന്ന് റോഡ് മാര്‍ഗം എത്തിയ കുടുംബത്തിനൊപ്പം കൈക്കൊട്ടുകടവില്‍ ആസ്യുമ്മയുടെ മക്കളായ അമീറും മുഹമ്മദ് കുഞ്ഞിയും മറ്റും മനസ് നിറഞ്ഞ സംതൃപ്തിയിലാണ്.


അമീറലി ഒളവറ
(Trikarpurnews)



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.