കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന്‍ എ ബി അബ്ദുള്‍ സലാം ഹാജിയുടെ മണിമാളികയില്‍ റമദാന്‍ മാസത്തിലെ ഇരുപത്തേഴാം രാവ് ദിനമായ ആഗസ്റ്റ് 4 ന് അര്‍ദ്ധരാത്രി കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടത് കാഞ്ഞങ്ങാട്ടെ സഫാരി ലോഡ്ജ് കേന്ദ്രീകരിച്ചാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ആഗസ്റ്റ് 2 ന് കവര്‍ച്ച സംഘം ഇവിടെ മുറിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സലാം ഹാജി വധക്കേസില്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എന്‍ സജീവന്‍ കോട്ടപ്പുറം ആനച്ചാല്‍ സ്വദേശികളായ ഒന്നാം പ്രതി ഇടക്കാവില്‍ നൗഷാദി(30)ന്റെയും മൂന്നാം പ്രതി ഇടക്കാവില്‍ റമീസി(27)ന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയും ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തതോടെ സലാം ഹാജി വധക്കേസിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്ത് വന്നു.
റമീസും നൗഷാദുമാണ് സലാം ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടത്. അകന്ന ബന്ധുവായതിനാല്‍ റമീസിനും നൗഷാദിനും സലാം ഹാജിയെ കുറിച്ചും സലാം ഹാജിയുടെ വീടിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. കവര്‍ച്ച നടത്താന്‍ തൃശൂര്‍ സ്വദേശികളായ നാലംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. ഇവരില്‍ മുഹമ്മദ് അസ്ഹര്‍, സഹോദരന്‍ ശിഹാബ് എന്നിവര്‍ നേരത്തെ കുവൈത്തിലായിരുന്നു. റമീസിന് ഇവരെ ഗള്‍ഫില്‍ വെച്ച് തന്നെ നല്ല പരിചയമുണ്ട്. ഈ പരിചയം മുതലാക്കിയാണ് അസ്ഹറിനെയും സഹോദരന്‍ ശിഹാബിനെയും തൃശൂര്‍ക്കാരായ മറ്റു രണ്ടുപേരെയും സലാം ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയത്.
കവര്‍ച്ചക്കിടയില്‍ യാദൃശ്ചികമായാണ് സലാം ഹാജി കൊല്ലപ്പെടുന്നത്. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ തൃശൂരിലെ നാലംഗ സംഘത്തിന് വേണ്ടി കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിനടുത്തുള്ള സഫാരി ലോഡ്ജില്‍ റമീസ് മുറി ബുക്ക് ചെയ്തിരുന്നു. ആദ്യം നാലുപേരും എത്തിയെങ്കിലും ഇതിനിടയില്‍ രണ്ടുപേര്‍ നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. സംഭവ ദിവസം രാത്രി സലാം ഹാജിയുടെ വീട്ടിലേക്ക് റമീസും നൗഷാദും ചേര്‍ന്ന് ലോഡ്ജിലെത്തിയാണ് തൃശൂര്‍ സംഘത്തെ കൊണ്ടുപോകുന്നത്.
കവര്‍ച്ചയും കൊലപാതകവും നടന്ന ശേഷം റമീസിന്റെ കെ എല്‍ 60 എഫ് 4777 നമ്പര്‍ വെര്‍ണ കാറില്‍ തൃശൂര്‍ യുവാക്കളെ മംഗലാപുരത്ത് എത്തിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്നും ഈ നാലുപേര്‍ കോയമ്പത്തൂരിലേക്ക് തിരിക്കുകയും അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. ഈ നാലുപേരും ഇപ്പോള്‍ ഒളിവിലാണ്. മുഹമ്മദ് അസ്ഹറും ശിഹാബും ഗള്‍ഫിലേക്ക് മുങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ് ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
കവര്‍ച്ചക്ക് മാത്രമായി ഉപയോഗിക്കാനും സംഘങ്ങള്‍ക്ക് തമ്മില്‍ പരസ്പരം ആശയ വിനിമയം നടത്താനും വേണ്ടി മാത്രം റമീസും നൗഷാദും പുതുതായി രണ്ട് സിംകാര്‍ഡുകള്‍ തരപ്പെടുത്തിയിരുന്നു. കോട്ടച്ചേരി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള ഷോപ്പിംങ് മാളിലെ മൊബൈല്‍ ഷോറൂമില്‍ നിന്നാണ് ഐഡിയ കമ്പനിയുടെ രണ്ട് സിംകാര്‍ഡുകള്‍ വാങ്ങിയത്. ഇവിടത്തെ മറ്റൊരു ഷോപ്പില്‍ നിന്ന് പുതിയ ഒരു മൊബൈല്‍ ഫോണും പഴയ ഒരു മൊബൈല്‍ ഫോണും ഇവിടെ നിന്നും വിലക്ക് വാങ്ങിയിരുന്നു. പുതിയ സിംകാര്‍ഡുകള്‍ ഈ മൊബൈല്‍ ഫോണിലാണ് ഉപയോഗിച്ചത്.
സലാം ഹാജിയുടെ വീട്ടില്‍ നിന്ന് കൈക്കലാക്കിയ മൂന്ന് മൊബൈല്‍ ഫോണുകള്‍ നീലേശ്വരം പുഴയിലേക്ക് വലിച്ചെറിഞ്ഞതായി നൗഷാദും റമീസും മൊഴി നല്‍കിയിട്ടുണ്ട്. കോട്ടയം ചെങ്ങന്നൂര്‍ സ്വദേശി രഞ്ജിത്തിന്റെ പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ചാണ് റമീസ് സിംകാര്‍ഡ് തരപ്പെടുത്തിയതെന്ന് വ്യക്തമായി.
ഹുണ്ടി ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിത്തും റമീസും കുവൈത്ത് ജയിലിലുണ്ടായിരുന്നു. റമീസ് ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം ഒരു മാസം കഴിഞ്ഞ് ജയില്‍വിട്ട റമീസ് നാട്ടിലെത്തിയ ശേഷം റമീസുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. ഇതിനിടയില്‍ തനിക്കൊരു വിസ സംഘടിപ്പിച്ചു തരാന്‍ രഞ്ജിത്ത് റമീസിനോട് ആവശ്യപ്പെടുകയും ഇതിനുവേണ്ടി റഞ്ജിത്ത് റമീസിന് തന്റെ പാസ്‌പോര്‍ട്ട് കോപ്പി അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഈ പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ചാണ് റമീസ് സിംകാര്‍ഡുകള്‍ വാങ്ങിയത്. രഞ്ജിത്തിനെ ചെങ്ങന്നൂരില്‍ ചെന്ന് പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment