പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ പറമ്പയം മിറ്റത്താനിക്കല്‍ ജോസിന്റെ ഭാര്യ കുമാരി ജോസിന്റെ (59) ഹൃദയമാണ് ഹൃദ്രോഗിയായ യുവാവില്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തത്. ഹൃദയസംബന്ധിയായ അസുഖം മൂലം ഒരു മാസത്തോളമായി ചികിത്സയില്‍ കഴിഞ്ഞുവന്ന മുളന്തുരുത്തി കാട്ടുപാടത്ത് വീട്ടില്‍ ഷിന്റോ കുര്യാക്കോസിന്റെ (23)ശരീരത്തിലാണ് ഹൃദയം മാറ്റിവച്ചത്.
കേരളത്തിലെ രണ്ടാമത്തെ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ പൂര്‍ത്തിയായത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് 14ന് രാവിലെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുമാരിയെ പിറ്റേന്നു ശസ്ത്രക്രിയക്കു വിധേയയാക്കി. അമിത രക്തസമ്മര്‍ദം മൂലം തലച്ചോറിലെ ഞരമ്പു മുറിഞ്ഞ സാഹചര്യത്തിലാണ് ശസ്ത്രക്രിയക്കു വിധേയയാക്കിയത്. വെള്ളിയാഴ്ച രാവിലെ ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. മരണം ഉറപ്പായ സാഹചര്യത്തില്‍ കുമാരിയുടെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവ് ജോസും മകന്‍ പവിനും താത്പര്യം അറിയിച്ചു. ഹൃദയദാതാവിനെ തേടി ഹൃദ്രോഗിയായ യുവാവ് ചികിത്സയില്‍ കഴിയുന്ന ലിസി ആശുപത്രിയുടെ അധികൃതര്‍ ബന്ധപ്പെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായി.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമൃതയിലെ ഹാര്‍ട്ട്‌കെയര്‍ വിഭാഗത്തിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഇരുവരുടെയും രക്തഗ്രൂപ്പുകളും മറ്റും പരസ്പരം ചേരുന്നതാണെന്ന് ഉറപ്പിച്ചതോടെ അമൃതയിലെ ഡോ. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധരായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി എന്നിവരും ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്നു. ഹൃദയത്തിനു പുറമെ കുമാരിയുടെ വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവ ഏഴു പേര്‍ക്കായി ദാനം ചെയ്യും. ഇവ എടുത്തശേഷമാണ് ഹൃദയം വേര്‍പ്പെടുത്തിയത്. ഈ ശസ്ത്രക്രിയ രാത്രി പത്തിന് ആരംഭിച്ച് 12.30 നാണ് പൂര്‍ത്തിയയാത്.
തുടര്‍ന്ന് ഒന്നരയോടെ പ്രത്യേക ആംബുലന്‍സില്‍ കുമാരിയുടെ ഹൃദയം മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ എത്തിച്ചു. രാത്രി തന്നെ ശസ്ത്രക്രിയക്കുള്ള സജ്ജീകരണങ്ങള്‍ ലിസിയില്‍ പൂര്‍ത്തീകരിച്ചിരുന്നു. രണ്ടിന് ആരംഭിച്ച ഷിന്റോയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് പൂര്‍ത്തിയായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു.
പുതുവാശേരി ഇടവകയിലെ മതബോധന വിഭാഗത്തില്‍ പ്രധാന അധ്യാപകനാണ് മരിച്ച കുമാരിയുടെ മകന്‍ പവിന്‍ ജോസ്. ഭര്‍ത്താവ് ജോസ് വ്യവസായിയാണ്. പവിത അഗസ്റ്റിന്‍ മകളാണ്.
2003 മേയ് 13 നാണ് കേരളത്തിലെ ആദ്യഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ശസ്ത്രക്രിയ നടന്നത്. ഇതിന്റെ പത്താംവാര്‍ഷികദിനത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലെ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ നേതൃത്വം നല്‍കിയതും ഡോ. ജോസ് ചാക്കോ പെരിയപ്പുറം തന്നെ.
(Deepika)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment