Latest News

വിനോദ് വധം: അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

മാവേലിക്കര:  ആര്‍എസ്എസ് വള്ളികുന്നം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വള്ളികുന്നം ചെങ്കിലാത്ത് വിനോദിനെ (23) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളെ ജീവപര്യന്തം തടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസിം ഉത്തരവായി.

കൊല്ലം പാവുമ്പ തഴവ നൂര്‍മഹല്‍ നജീബ് (36), പുത്തന്‍പുരയില്‍ ഷാമിര്‍ (30), വള്ളികുന്നം താളീരാടി പാലത്തിനു കിഴക്കേവീട്ടില്‍ നൗഷാദ് (കൊച്ചുമോന്‍-36), താളീരാടി ദാറുല്‍ ഇഹ്ത്താല്‍ നിസാം (നിസാമുദീന്‍-34), കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദീന്‍ (34) എന്നിവരെയാണു ശിക്ഷിച്ചത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു പൊലീസ് പറഞ്ഞു. 

തഴവ തെക്കുംമുറി കോയിക്കത്തറയില്‍ മുഹമ്മദ് സാദിഖ് (31), താളീരാടി കുറ്റിയില്‍ കിഴക്കതില്‍ സനീര്‍ (27), തൊടിയൂര്‍ ചിറയുടെ തെക്കേതില്‍ നസീര്‍ (31), താളീരാടി ഊപ്പന്‍വിളയില്‍ അബ്ദുല്‍ ജബ്ബാര്‍ (27), കരിപ്പിന്‍വിള തെക്കതില്‍ നൗഷാദ് (31) എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ടു കോടതി വിട്ടയച്ചു.

ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു വിനോദിന്റെ മാതാപിതാക്കളായ വാസുദേവനും കുമാരിയും പറഞ്ഞു. പിഴത്തുക കൊല്ലപ്പെട്ട വിനോദിന്റെ പിതാവിനു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

ജീവപര്യന്തത്തിനൊപ്പം വിവിധ വകുപ്പുകളിലായി നാലും വര്‍ഷവും ഏഴു മാസവും തടവും വിധിച്ചിട്ടുണ്ട്. 38 സാക്ഷികളെ വിസ്തരിച്ച കേസില്‍ 15 തൊണ്ടിമുതലുകളും 67 രേഖകളും ഹാജരാക്കി. രണ്ടു സിഐമാരും ഒരു ഡിവൈഎസ്പിയും അന്വേഷിച്ച കേസ് പിന്നീടു ക്രൈം ഡിറ്റാച്ച്‌മെന്റിനു കൈമാറുകയായിരുന്നു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി സി.എം. പത്രോസ് ആണു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം വര്‍ഗീസ്, അഡ്വ. പ്രതാപ് ജി. പടിക്കല്‍ എന്നിവര്‍ ഹാജരായി.

2007 ഡിംസബര്‍ 23ന് ആയിരുന്നു സംഭവം. ഫുട്‌ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന വിനോദിനെ അഞ്ചു ബൈക്കുകളിലായെത്തിയ സംഘം വള്ളികുന്നം നാലുവിള ജംഗ്ഷന്‌ സമീപം ആക്രമിച്ചു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വിനോദിനെ കാര്‍ പോര്‍ച്ചിലിട്ടു വടിവാളും മഴുവും ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയെന്നും കടുവിനാല്‍ അഷ്‌റഫ് കൊലപാതകത്തിന്റെ വിരോധത്തിലാണു കൊലപാതകം നടത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.