Latest News

മലബാര്‍ മാംഗോ ഫെസ്റ്റിന് കാര്‍ഷിക കോളേജ് ഒരുങ്ങി


നീലേശ്വരം: കാര്‍ഷിക കോളേജ് ആതിഥ്യമരുളുന്ന ഒമ്പതാമത് മലബാര്‍ മാംഗോ ഫെസ്റ്റ് മെയ് 19, 20 തീയതികളില്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി മാമ്പഴം, ചക്കപ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം, അഗ്രോ ക്ലിനിക്, പഴവര്‍ഗ സംസ്‌കരണ പരിശീലനം, മാംഗോ ഗ്രാഫ്റ്റിങ് പരിശീലനം, ചിത്രചരനാമത്സരം, കാര്‍ഷിക സെമിനാര്‍, മാമ്പഴ മത്സരം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9 മുതല്‍ കാര്‍ഷിക പ്രദര്‍ശനം, അഗ്രോ ക്ലിനിക്, നടീല്‍വസ്തുക്കളുടെ വില്പന, മാമ്പഴമത്സരം എന്നിവ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ പഴവര്‍ഗ വികസനത്തെക്കുറിച്ച് കാര്‍ഷിക സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 12ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മാംഗോ ഫെസ്റ്റ് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക പ്രദര്‍ശനം കാര്‍ഷിക സര്‍വകലാശാലാ ഭരണസമിതിയംഗം ഡോ. ജോസ് ജോസഫും സെമിനാര്‍ സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്റ്റന്‍ഷന്‍ ഡോ. പി.വി.ബാലചന്ദ്രനും ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.നാരയണന്‍ നമ്പൂതിരി സമ്മാനങ്ങള്‍ വിതരണംചെയ്യും. പ്രദര്‍ശനം വൈകിട്ട് അഞ്ചുവരെ ഉണ്ടായിരിക്കും.

നാടന്‍ മാങ്ങകളുടെ പ്രദര്‍ശനത്തിലും മത്സരത്തിലും പഴുത്ത അഞ്ച് മാമ്പഴങ്ങള്‍ വീതം മെയ് 19ന് രാവിലെ ഒമ്പതിന് കോളേജില്‍ എത്തിക്കണം. പടന്നക്കാട് കാര്‍ഷിക കോളേജിലെയും മുതലമടയിലെയും മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയും വിവിധയിനം നടീല്‍വസ്തുക്കളുടെ വില്പനയും ഉണ്ടായിരിക്കും.

അന്യംനിന്നുപോവുന്ന നാട്ടുമാവുകളുടെ സംരക്ഷണത്തിനായി സ്‌കൂള്‍ക്കുട്ടികള്‍വഴി മാങ്ങയണ്ടി ശേഖരിക്കും. നാടന്‍ മാവിനങ്ങളുടെ മൂത്തുപഴുത്ത അങ്കുരണശേഷിയുള്ള മാങ്ങയണ്ടി (വിത്ത്) മാംഗോ ഫെസ്റ്റില്‍ 50 പൈസയ്ക്ക് സ്വീകരിക്കും.

`പശ്ചിമഘട്ട വികസന പദ്ധതിയില്‍ നാടന്‍ മാവിനങ്ങളുടെ സംരക്ഷണം` എന്ന വിഷയത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി പരിശീലനവും നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്‍, ഡോ. എ.രാജഗോപാലന്‍, ഫാം ഓഫീസര്‍ പി.വി.സുരേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി പി.കെ.ദീപേഷ്, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആര്‍.ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.