മലപ്പുറം: കൊടും വരള്‍ച്ചയെ തുടര്‍ന്നു മലപ്പുറം കോട്ടപ്പടി കിഴക്കേത്തലയിലെ വയലില്‍ നടന്ന മഴയ്ക്കു വേണ്ടിയുള്ള നമസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സമസ്തയുടെ ആഹ്വാനപ്രകാരം മലപ്പുറം സുന്നി മഹല്ലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു നമസ്‌കാരം. വയലില്‍ സ്ഥലം തികയാത്തതിനെത്തുടര്‍ന്ന് റോഡരികിലും പലരും നമസ്‌കാരം നിര്‍വഹിച്ചു.
നമസ്‌കാരത്തിന്റെ ഓരോ നിരയിലും 200 പേര്‍ ഉണ്ടായിരുന്നു. ഇങ്ങനെ 40 നിരകളാണു സജ്ജീകരിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലുമപ്പുറം ജനമെത്തിയതോടെ മഴയ്ക്കായുള്ള നമസ്‌കാരം വലിയ സംഗമമായി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നമസ്‌കാരത്തിനു കാര്‍മികത്വം വഹിച്ചു. സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ബോധനം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഖുത്തുബ നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. ജലക്ഷാമം പരിഗണിച്ച് അംഗശുദ്ധിക്കു പ്രത്യേക സൗകര്യമൊരുക്കിയിട്ടില്ലാത്തതിനാല്‍ വിശ്വാസികള്‍ മറ്റിടങ്ങളില്‍ നിന്നു ശുദ്ധിവരുത്തിയാണു നമസ്‌കാരത്തിന് എത്തിയത്. മഴ ലഭിക്കുംവരെ ഇനി വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്താനാണു തീരുമാനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment