Latest News

ഷാര്‍ജ വൈല്‍ഡ്‌വാദി അമ്യൂസ്‌മെന്റ് പാര്‍ക് അടുത്ത മാസം തുറക്കും

ഷാര്‍ജ: ജലകേളികള്‍ക്ക് പ്രാധാന്യം നല്‍കുന്ന അമ്യൂസ്‌മെന്റ് പാര്‍ക് അടുത്ത മാസം ഷാര്‍ജയില്‍ തുറന്നു പ്രവര്‍ത്തിക്കും. ഷാര്‍ജ എമിറേറ്റിന്റെ സ്വന്തം വൈല്‍ഡ് വാദി അമ്യൂസ്‌മെന്റ് പാര്‍ക്കാണ് അടുത്ത മാസം സഞ്ചാരികളെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. 

യു എ ഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കൈകോര്‍ത്താണ് അയല്‍ എമിറേറ്റായ ദുബൈയില്‍ ഉള്ളതുപോലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉള്‍പ്പെട്ട അല്‍ മൗത്തസ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഷുറൂഖ്) ചീഫ് എക്‌സക്യൂട്ടീവ് മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കാല്‍ വ്യക്തമാക്കി.

ഒരു വിനോദസഞ്ചാര കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം വിനോദത്തിനുള്ള പരമാവധി ഉപാധികള്‍ ഉണ്ടായിരിക്കുകയെന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. പുതിയ പദ്ധതി ഷാര്‍ജയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവിന് ഇടയാക്കും.
പ്രത്യേകിച്ചും കുടുംബങ്ങളുമായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലെന്ന് അദ്ദേഹം പറഞ്ഞു. ജുമൈറയിലെ വൈല്‍ഡ് വാദി പാര്‍ക്കിന്റെ മാതൃകയിലുള്ളതാവും മജാസ് വാട്ടര്‍ ഫ്രണ്ടിനോട് ചേര്‍ന്നുള്ള പുതിയ അമ്യൂസ്‌മെന്റ് 

പാര്‍ക്ക് പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. അടുത്ത മാസം മധ്യത്തിലാവും പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. വെറും വാട്ടര്‍ തീം പാര്‍ക്ക് എന്നതില്‍ ഒതുങ്ങാതെ ലാന്റ്‌സ്‌കേപ്പിംഗിനും കാര്യമായ പ്രാധാന്യം നല്‍കിയാണ് പാര്‍ക്ക് അണിയിച്ചൊരുക്കുന്നത്.

ഒരു ഭാഗം ജലകേളികള്‍ക്കും മറുഭാഗം മറ്റ് വിനോദങ്ങള്‍ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ കഫേകളും റെസ്റ്റൊറന്റുകളും സജ്ജീകരിക്കും. സഞ്ചാരികളായി എത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും പാര്‍ക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ബുര്‍ജുല്‍ അറബിന് എതിര്‍വശത്തായാണ് വൈല്‍ഡ് വാദി സജ്ജീകരിക്കുന്നത്. ഇതിന്റെ അവസാനഘട്ട പണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

30 തരം വിവിധ ജല സവാരികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറേബ്യന്‍ നാടോടിക്കഥയായ ജുഹയെ ആസ്പദമാക്കിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത് എന്നത് കുട്ടികള്‍ക്ക് ഏറെ ആവേശം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ സജ്ജീകരിക്കാന്‍ ലക്ഷ്യമിടുന്നത് ഡിസ്‌നി, പാരമൗണ്ട് പോലുള്ള അതിബൃഹത്തായ വാട്ടര്‍ തീം പാര്‍ക്ക് പദ്ധതിയൊന്നുമല്ല. ഇത്തരത്തില്‍ ഉള്ളവ നഗരത്തിനുള്ളില്‍ നിര്‍മിക്കാന്‍ സാധിക്കില്ല. നമ്മുടെ ലക്ഷ്യം നഗരത്തിന് ഉള്ളിലെ പരിമിധികള്‍ക്ക് അകത്ത് സുഗമമായി പ്രവര്‍ത്തിപ്പിക്കാവുന്ന വാട്ടര്‍ തീം പാര്‍ക്കാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.