Latest News

തീവ്രവാദിയെങ്കില്‍ തൂക്കിക്കൊല്ലൂ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഅദനിയുടെ കത്ത്

ബാംഗ്ലൂര്‍: നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കത്തയച്ചു. സത്യം കേള്‍ക്കാന്‍ തയാറാകാതെയാണ് ജുഡീഷ്യറി പെരുമാറുന്നതെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കില്‍ തൂക്കിലേറ്റാമെന്നും കത്തില്‍ പറയുന്നു.

പതിറ്റാണ്ടുകളായി താന്‍ പീഡനങ്ങള്‍ സഹിക്കുകയാണ്. രാഷ്ട്രീയമായി പകപോക്കാന്‍ ബാംഗ്ലൂര്‍ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. ശാരീരികമായി അവശതയിലാണ്. ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. മുമ്പ് താന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അത്തരം പ്രസംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. ആ ഉറപ്പ് ഇപ്പോഴും നല്‍കുന്നുവെന്നും 39 പേജുളള കത്തില്‍ മഅദനി വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ മഅദനിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു പ്രമുഖ നേതാക്കളും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവും മഅദനിക്ക് നീതി ലഭ്യമാക്കാനായി കര്‍ണാടക കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.

2008 ജൂലൈ 25ന് ബാംഗ്ലൂരില്‍ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് മഅദനി വിചാരണ തടവുകാരനായി കഴിയുന്നത്. കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലാണ് മഅദനി ഇപ്പോഴുളളത്. 2011 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.